കണ്ണൂര്‍: കള്ള് ചെത്താൻ തെങ്ങിൽ കയറിയ യുവാവ് തെങ്ങിൻ മുകളിൽ കുടുങ്ങി. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. മയ്യിൽ ചെറുപഴശ്ശി സ്വദേശി കാമ്പ്രത്ത് ഷിബുവാണ് തെങ്ങിൽ കുടുങ്ങിയത്.
കള്ള് ചെത്താനായി തെങ്ങില്‍ കയറിയ ഷിബുവിന് ദേഹാസ്വാസ്ഥ്യവും ക്ഷീണവും അനുഭവപ്പെട്ടു. തെങ്ങില്‍ നിന്ന് ഇറങ്ങാന്‍ കഴിയാതെയുമായി. സംഭവം ശ്രദ്ധയില്‍പ്പെട്ട കൂടെയുണ്ടായിരുന്ന രണ്ട് ചെത്ത് തൊഴിലാളികള്‍ ഉടന്‍ തെങ്ങില്‍ കയറി ഷിബുവിനെ തെങ്ങില്‍ കെട്ടിയിട്ടു. ഒന്നര മണിക്കൂറാണ് ഷിബു തെങ്ങിന് മുകളിലിരുന്നത്.
തളിപറമ്പ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷൻ ഓഫീസർ സി.പി രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവില്‍ ഷിബുവിനെ താഴെയിറക്കി തളിപറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിബുവിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
also read: പഠിക്കുന്നത് ബി.എഡിന്, ഉപജീവനം തെങ്ങ് കയറ്റം; മാതൃകയായി മലപ്പുറത്തെ പെണ്‍കുട്ടി