കണ്ണൂർ: ആശുപത്രികള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ കഴുത്തില്‍ നിന്നും മാല മോഷ്ടിക്കുന്ന യുവതിയെ പയ്യന്നൂർ പൊലീസ് പിടികൂടി. പഴയങ്ങാടി മുട്ടം സ്വദേശിനി പി. ഫര്‍ഹാനയെയാണ് (19) എസ്ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിൽ നിന്നും റഹിയാനത്ത് എന്ന യുവതിയുടെ കയ്യില്‍ നിന്നും കുട്ടിയെ കളിപ്പിക്കാനായി വാങ്ങിയ ശേഷം പ്രതി മാല മോഷ്ടിക്കുകയായിരുന്നു. മാല നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പെട്ട റഹിയാനത്ത് ബഹളം വച്ചതോടെയാണ് മോഷണം നടന്നത് ആളുകൾ അറിഞ്ഞത്. തുടർന്ന് ആശുപത്രി പിആർഒ പൊലീസിൽ പരാതി നൽകുകയും തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു.
മാല കൈക്കലാക്കിയതിന് ശേഷം കുട്ടിയെ തിരികെ ഏല്‍പിച്ച് തന്ത്രപരമായി മുങ്ങിയ പ്രതിയെ പയ്യന്നുർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ജ്വല്ലറിയില്‍ സ്വർണം വിൽക്കുന്നതിനിടെയാണ് പിടികൂടിയത്. മറ്റൊരു സ്വർണ മോഷണ കേസ് കൂടി തെളിഞ്ഞതായും തളിപ്പറമ്പ്, പരിയാരം, പയ്യന്നൂർ പരിധിയിൽ നടന്ന മറ്റ് മോഷണങ്ങളും അന്വേഷിച്ചുവരികയാണെന്നും പയ്യന്നൂർ എസ്ഐ പറഞ്ഞു. ആശുപത്രികളില്‍ ചെറിയ കുട്ടികളുമായി ചികിത്സക്കായി എത്തുന്നവരോട് മാന്യമായി പെരുമാറി സൗഹൃദം സ്ഥാപിച്ച് കുട്ടികളെ കൊഞ്ചിച്ച ശേഷം ആഭരണങ്ങളുമായി കടന്നുകളയുന്നതാണ് ഇവരുടെ കവര്‍ച്ചാ രീതി. പ്രതിയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.