കണ്ണൂർ: മോഷണമുതലും മാപ്പപേക്ഷയും വാർഡ് മെമ്പറുടെ വീട്ടിൽ ഉപേക്ഷിച്ച് കള്ളൻ. പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മോഷണം നടത്തിയ വീട്ടുടമകളുടെ പേരു വിവരങ്ങളും മോഷണ മുതലിന്‍റെ മൂല്യവും കത്തിൽ എഴുതിയിട്ടുണ്ടായിരുന്നു.
ഒന്നരവർഷത്തോളമായി അരിപ്പാമ്പ്ര, തിരുവട്ടൂര്‍, അവുങ്ങും പൊയിൽ പ്രദേശങ്ങളില്‍ ചെറുതും വലുതുമായ നിരവധി മോഷണമാണ് നടന്നത്. പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വന്നെങ്കിലും ഇതുവരെയായി കള്ളനെ പിടികൂടാൻ സാധിച്ചിരുന്നില്ല. അടുത്തിടെയുണ്ടായ മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ കേന്ദ്രീകരിച്ചു കൊണ്ട് അന്വേഷണം നടന്നുവരുന്നതിനിടയിലാണ് മാനസാന്ദ്രം വന്ന കള്ളൻ മോഷണ മുതൽ തിരികെ നൽകിയത്.
പരിയാരം പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ അഷറഫ് കൊട്ടൊലയുടെ വീട്ടുവരാന്തയിൽ 1,91,500 രൂപയും 4.5 പവൻ സ്വര്‍ണാഭരണങ്ങളും 630 ഗ്രാം സ്വര്‍ണതരികളും 3 കവറുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു. കൊവിഡ് കാലത്ത് പറ്റിയ തെറ്റിന് മാപ്പ് ചോദിക്കുന്നു, ഞങ്ങൾ 7 പേരും പ്രയാസത്തിലാണ്, ഞങ്ങൾക്ക് ഉംറ നിർവഹിക്കണം, ബുദ്ധിമുട്ടായതിൽ ഖേദിക്കുന്നു എന്നുമാണ് കത്തിൽ എഴുതിയിരുന്നത്. കത്തിൽ പേരുള്ളവർക്ക് മുതലുകൾ തിരികെ നൽകണമെന്നും കത്തിൽ പറയുന്നു.
വാർഡ് മെമ്പർ തൊണ്ടിമുതലുകൾ പരിയാരം പൊലീസിൽ ഏൽപ്പിച്ചു. ഏഴംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് കത്തിൽ രേഖപ്പെടുത്തിയത് അന്വേഷണം വഴിതെറ്റിക്കാനാണെന്ന് പൊലീസ് പറയുന്നു. സിഐ കെ.വി ബാബുവിന്‍റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. പണവും സ്വർണവും പൊലീസ് കോടതിയിൽ ഹാജരാക്കും.
Also Read: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽ