കണ്ണൂർ: നിരവധി മോഷണക്കേസുകളിലെ പ്രതികളായ സംഘത്തെ തളിപ്പറമ്പ് പൊലീസ് പിടികൂടി. ചേപ്പറമ്പിലെ ആല വളപ്പിൽ അശ്വന്ത് (22), പറശിനിക്കടവ് തലുവിലെ ബിനോയ് (22), പൂമംഗലത്തെ മഠത്തും പൊയിൽ ജിതേഷ് (22), കുറുമാത്തൂരിലെ വൈഷ്ണവ് (22) എന്നിവരെയാണ് തളിപ്പറമ്പ് എസ് ഐ കെ.പി.ഷൈനിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പറശ്ശിനിക്കടവ് പി എച്ച് സി മെഡിക്കൽ ഓഫീസറുടെ വീട്ടിൽ നിന്നും വിരുന്നിനെത്തിയ ബന്ധുവിന്‍റെ 27000 രൂപ വരുന്ന ഫോൺ കവർച്ച ചെയ്തതും ആന്തൂർ തവ പാറയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയും നിഫ്റ്റിലെ വിദ്യാർഥിയുമായ ധനജ്ഞയ ബൈദിന്റെ യമഹ എഫ് സെഡ് മോഷണം നടത്തിയതും ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തളിപ്പറമ്പ്, പറശ്ശിനിക്കടവ്, ധർമശാല ഭാഗങ്ങളിൽ നിരവധി കവർച്ചകളാണ് പ്രതികള്‍ നടത്തിയത് .
കേസുമായി ബന്ധപ്പെട്ട് കൂവോട് കയ്യംതടത്തെ മുതയില്‍ ഹൗസില്‍ അശ്വന്ത് ശശിയെ (23) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇവരെയും പൊലീസ് വലയിലാക്കിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സുകളിൽ നിന്ന് പണവും മൊബൈൽ ഫോണുകളും കൂടാതെ പുതിയ വീടുകൾ നിർമിക്കുന്ന സ്ഥലങ്ങളിൽ സൂക്ഷിച്ച വിലയേറിയ നിർമ്മാണ വസ്തുക്കളും ഇവർ മോഷ്ടിച്ചിട്ടുണ്ട്. സംഘത്തിന് ഇരുപതിലേറെ മോഷണക്കേസുകളുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. എ എസ് ഐമാരായ ടോമി, ചന്ദ്രൻ ,എ.ജി.അബ്ദുൾറൗഫ്, സീനിയർ സി പി ഒ സ്നേഹേഷ്, ബിനേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.