കണ്ണൂർ: പരിയാരം ഇരിങ്ങലില്‍ തട്ടിക്കൊണ്ട് പോകലിനിരയാക്കപ്പെട്ട ഇതര സംസ്ഥാനക്കാരും കള്ളനോട്ട്-മയക്കുമരുന്ന് മാഫിയാ സംഘത്തിൽ ഉൾപ്പെട്ടവരെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം അന്യസംസ്ഥാനക്കാരായ അഞ്ചംഗ സംഘത്തെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചു എന്ന പരാതിയിൽ പൊലീസ് കാഞ്ഞങ്ങാട് സ്വദേശി അമീർ ഉൾപ്പെട്ട കള്ളനോട്ട്-മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹത തോന്നിയ പൊലീസ് കള്ളനോട്ട്-മയക്കുമരുന്ന് മാഫിയാ സംഘത്തിലുള്ളവാരാണ് പരാതിക്കാരെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു.
തുടർന്ന് കൂടുതൽ അന്വേഷണം നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പരാതിക്കാരായ അഞ്ചംഗ സംഘവും കള്ളനോട്ട്-മയക്കുമരുന്ന് മാഫിയാ സംഘത്തിലുള്ളവാരാണെന്ന് തെളിഞ്ഞത്. ഇതോടെ പരാതിക്കാരെയുൾപ്പെടെ കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാജസ്ഥാനിലെ അജ്മീര്‍ കേന്ദ്രീകരിച്ച് നോട്ട് തട്ടിപ്പ് മാഫിയാ സംഘത്തലവന്‍ ഗുരുജിയുടെ കേരളത്തിലെ ഏജന്‍റുമാരും അവരെ ആക്രമിച്ച സംഘത്തിലുള്ള കാഞ്ഞങ്ങാട് സ്വദേശി അമീറുമാണ് ആദ്യം അറസ്റ്റിലായത്. എന്നാൽ പരാതിക്കാരും കള്ളനോട്ട്-മയക്കുമരുന്ന് സംഘത്തിലുള്ളവരാണെന്ന് തെളിഞ്ഞതോടെ കള്ളനോട്ട്-മയക്കുമരുന്ന് ഏജന്‍റുമാരായ മുംബൈ കുലാവയിലെ ഓംരാജ്(42), കല്യാണിലെ സമാധാന്‍(34), ഗുജറാത്ത് അഹമ്മദാബാദിലെ അശ്വിന്‍(29), കര്‍ണ്ണാടക ബെല്‍ഗാമിലെ എന്നിവരെയാണ് പരിയാരം പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയതിരിക്കുന്നത്. ഇവരെ വ്യാഴാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഓം രാജ്, സമാധാൻ, അശ്വിൻ എന്നിവരായിരുന്നു പരാതിക്കാർ. എന്നാൽ തട്ടിക്കൊണ്ട് പോകലിരികയാക്കപ്പെട്ട സഞ്ജയ്, സതീഷ് എന്നിവർ അക്രമി സംഘത്തിന്‍റെ പിടിയിൽ നിന്നും രക്ഷപ്പെട്ടിരുന്നു.
അതേസമയം ആദ്യം അറസ്റ്റിലായ അക്രമി സംഘത്തിൽ ഉൾപ്പെട്ട കാഞ്ഞങ്ങാട് സ്വദേശി അമീറിനെ അറസ്റ്റിലായ അന്ന് രാത്രി തന്നെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേരളത്തിലെ എല്ലാ ജില്ലകളിലും ഈ മാഫിയാ സംഘത്തിന് ഏജന്‍റുമാരുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർ മലയാളി ഏജന്‍റുമാരുമായി ബന്ധപ്പെട്ട് കോരന്‍ പീടികയിലെ നാല് സമ്പന്നന്‍മാരില്‍ നിന്നും 13.5 ലക്ഷം രൂപ വാങ്ങി ഗുരുജിയുടെ ഏജന്‍റുമാര്‍ക്ക് നല്‍കിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ ചൊല്ലി ഇരുവിഭാഗവും തമ്മിൽ ഉടലെടുത്ത തർക്കമാണ് മുംബൈയിൽ നിന്നെത്തിയ സംഘത്തെ പരിയാരത്തുള്ളവർ അക്രമിച്ച് തട്ടിക്കൊണ്ടുപോവുന്നതിൽ കലാശിച്ചത്.
കൂടുതൽ വായനക്ക്: https://www.etvbharat.com/malayalam/kerala/city/kannur/the-kidnapping-of-other-states-natives-police-began-investigating/kerala20200707152208584
ഇവരിൽ നിന്നും ബൈക്കുകളും കാറും 1.6 കിലോ കഞ്ചാവും പൊലീസ് കണ്ടെടുത്തിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇപ്പോൾ കേസിൽ വഴിത്തിരിവുണ്ടാക്കിയത്. പരിയാരം സിഐ കെ വി ബാബു, എസ്ഐ എം പി ഷാജി, തളിപ്പറമ്പ് എസ്ഐ പി സി സഞ്ജയ് കുമാർ എന്നിവരടങ്ങിയതാണ് അന്വേഷണ സംഘം. പ്രതികളെ മെഡിക്കൽ പരിശോധനക്ക് ശേഷം റിമാൻഡ് ചെയ്തു .