കണ്ണൂർ: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ആധുനികവൽക്കരിച്ച് സാധാരണക്കാർക്ക് വിദഗ്ധ ചികിത്സ സൗജന്യമായി നൽകാൻ ഈ അഞ്ച് വർഷം കൊണ്ട് സാധിച്ചുവെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ലോക രാജ്യങ്ങളിൽ നിന്നും കേരളത്തിന് കൊവിഡ് പ്രതിരോധ ചികിത്സയ്ക്ക് ലഭിക്കുന്ന അംഗീകാരം ഒരോരുത്തർക്കും അവകാശപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. പരിയാരം ഗവ.ആയുർവേദ കോളജിനോടനുബന്ധിച്ച് ആരംഭിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
14.45 കോടി രൂപ ചെലവഴിച്ച് നിർമിച്ച ആശുപത്രിയിൽ സ്ത്രീകളുടെയും ആരോഗ്യരക്ഷ, ഗർഭിണി പരിചരണം, പ്രസവാനന്തര ശുശ്രൂഷകൾ, ശിശു പരിചരണം എന്നിവയാണ് നടത്തുക. നാല് നിലകളിലായി ഒ.പി, ജനറൽ വാർഡ്. പേ വാർഡ്, ലേബർ റൂം, പ്രസവാനന്തര ചികിത്സാ മുറികൾ, ഫിസിയോതെറാപ്പി, പഞ്ചകർമ എന്നിവയും ഒരുക്കിയിട്ടുണ്ട്. 22 സ്ഥിരം തസ്തികകളും 15 താൽക്കാലിക തസ്തികകളും ഇവിടെ അനുവദിച്ചിട്ടുണ്ട്. ആയുർവേദ ഡോക്ടർമാരെ കൂടാതെ അലോപ്പതി, ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ധൻ, അനസ്തെറ്റിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, അൾട്രാസൗണ്ട് സ്കാനിംഗ്, കോൾസ്കോപ്പി എന്നീ ആധുനിക പരിശോധനാ സൗകര്യങ്ങളും ലഭ്യമാണ്.
കൊവിഡ് മഹാമാരിയെ കേരളം പ്രതിരോധിച്ചതിൽ ആയുർവേദ ചികിൽസയ്ക്ക് മുഖ്യ പ്രാധാന്യമുണ്ട്. ജനസാന്ദ്രതയിൽ മുന്നിട്ട് നിൽക്കുന്ന നമ്മുടെ സംസ്ഥാനത്ത് മരണ നിരക്ക് ഏറ്റവും കുറഞ്ഞത് ആരോഗ്യ മേഖലയിലെ മുന്നേറ്റമാണ് തുറന്ന് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ടി.വി.രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യഥിതിയായി. സിഎം കൃഷ്ണൻ, ഹരികൃഷ്ണൻ തിരുമംഗലത്ത്, ടി സുലജ, ഡോ.ജയ് ജി,ടി തമ്പാൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.