കണ്ണൂർ: പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂർ ബസ് സ്റ്റാൻഡ് നിർമാണം അന്തിമഘട്ടത്തിലേക്ക്. ചോലക്കരി മൂത്തേടം ക്ഷേത്ര കമ്മിറ്റിയും നാട്ടുകാരനായ ഗഫൂറും സൗജന്യമായി വിട്ട് നല്‍കിയ 70 സെന്‍റ് സ്ഥലത്താണ് ബസ് സ്റ്റാൻഡ് നിർമിക്കുന്നത്. പഞ്ചായത്തിന്‍റെ തനത് ഫണ്ടിൽ നിന്നും 12 ലക്ഷം രൂപയും മന്ത്രി ഇ.പി ജയരാജന്‍റെ ആസ്തിവികസന ഫണ്ടിൽ നിന്നും 25 ലക്ഷവും ഉൾപ്പെടെ 37 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. ബ്ലാത്തൂർ മേഖലയുടെ വികസനത്തിന് ഏറെ ആക്കം കൂട്ടുന്ന പദ്ധതി ആർടിഒയിൽ നിന്നും അനുമതി ലഭിച്ചാൽ മാർച്ച് അവസാനം അല്ലെങ്കില്‍ ഏപ്രിൽ ആദ്യവാരമോ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
4 വർഷം മുൻപാണ് ബസ് സ്റ്റാൻഡിന്‍റെ നിർമാണം ആരംഭിച്ചത്. ഷോപ്പിങ് കോംപ്ലക്സ്, കംഫർട്ട് സ്റ്റേഷൻ എന്നിവ ദ്രുതഗതിയിൽ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് ഭരണ സമിതി. കല്യാട്, ബ്ലാത്തൂർ, തേർമല, പയ്യാവൂർ എന്നീ മേഖലയിൽ നിന്നും 40 ലധികം ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. പഞ്ചായത്തിന്‍റെ ഏക ബസ് സ്റ്റാൻഡ് എന്ന നിലയിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും ഇവിടെ ഒരുക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.