കണ്ണൂർ: പയ്യാവൂരിൽ പാറക്കടവിൽ ഒഴുക്കിൽ പെട്ട് കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. വഞ്ചിയം സ്വദേശി സനൂപ് (20) ,പൈസക്കരി സ്വദേശി അരുൺ(19),ബ്ലാത്തൂർ സ്വദേശി മനീഷ്(20) എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ മടമ്പം പുഴയിലെ പാറക്കടവിൽ കുളിക്കാനിറങ്ങിയ യുവാക്കളെയാണ് ഒഴുക്കിൽ പെട്ട് കാണാതായത്. ഇവരെല്ലാം കെട്ടിട നിർമാണ തൊഴിലാളികളാണ്.
കഴിഞ്ഞ ദിവസം കുളിക്കാനിറങ്ങിയപ്പോള്‍ സനൂപ് ചുഴിയില്‍പ്പെടുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ അരുണും മനീഷും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന അജിത്ത് ആണ് നാട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് തളിപ്പറമ്പ്, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേനയെത്തി നാട്ടുകാരുടെയും പൊലീസിന്‍റെയും സഹകരണത്തോടെ രാത്രി ഒമ്പത് മണിവരെ തെരച്ചില്‍ തുടര്‍ന്നു. കനത്ത മഴയും വെളിച്ചക്കുറവും കാരണം തെരച്ചില്‍ ദുഷ്കരമായതിനാൽ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു.
ഇന്ന് രാവിലെ തെരച്ചില്‍ ആരംഭിച്ച് 15 മിനിറ്റിനികം മനീഷിന്‍റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് ശക്തമായ മഴക്കിടയിലും തെരച്ചിൽ നടത്തിയതിനെ തുടർന്നാണ് മറ്റു രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. മൃതദേഹങ്ങൾ പരിയാരം സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി.