കണ്ണൂർ: മാലിന്യത്തിൽ നിന്നും വരുമാന മാർഗം കണ്ടെത്തുകയാണ് തളിപ്പറമ്പ് നഗരസഭ. ഹരിത കർമ്മസേനയുടെ കരിമ്പത്തെ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് എത്തിക്കുന്ന മാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി അത് പൊതുജങ്ങളിൽ എത്തിക്കുകയാണ് നഗരസഭ. മാർക്കറ്റിൽ നിന്നുള്ള പഴം, പച്ചക്കറി മാലിന്യങ്ങൾ വളമാക്കി മാറ്റിയാണ് പ്രവർത്തനം.
ഇനോക്കുലർ, ചകിരിച്ചോറ് എന്നിവയും വളത്തിനൊപ്പം ചേർക്കുന്നുണ്ട്. ആവശ്യക്കാർ നഗരസഭാ ഹരിത കർമ്മ സേനയുമായി ബന്ധപ്പെട്ടാൽ ആവശ്യമുള്ള വളം ഇവർ എത്തിച്ചു നൽകും. ഇവിടെ നിന്നും ഉത്പാദിപ്പിച്ച വളത്തിന്‍റെ വിതരണോദ്ഘാടനം നഗരസഭാ വൈസ് ചെയർപേഴ്സൺ വത്സലാ പ്രഭാകരൻ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം, ഹരിത കേരളാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.