കണ്ണൂര്‍: പഞ്ചാബ് നാഷണൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. പുളിമ്പറമ്പ് സ്വദേശി കെ.ജയപ്രസാദ്, ഏഴാം മൈൽ സ്വദേശി സി.വേണുഗോപാലൻ എന്നിവരെയാണ് പൊലീസ് തിങ്കളാഴ്‌ച ഉച്ചയോടെ അറസ്റ്റ് ചെയ്‌തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം ഒമ്പതായി.
മുക്കുപണ്ടം പണയം വെച്ച് 31 അക്കൗണ്ടുകളില്‍ നിന്നായി 50 ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍ 17 പേരെയാണ് പൊലീസ് ഇതുവരെ പ്രതിചേര്‍ത്തിരിക്കുന്നത്. നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പുളിമ്പറമ്പ് സ്വദേശി എംസി കുഞ്ഞിമോന്‍, കീഴാറ്റൂര്‍ സ്വദേശി എം ലക്ഷ്‌മണന്‍, തൃച്‌ഛംബരം സ്വദേശി അബു ഹുദിഫ എന്നിവര്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു.
Also Read: കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം
തളിപ്പറമ്പ് സ്വദേശികളായ കെപി വസന്തരാജ്, വിവി രാജേന്ദ്രന്‍, കൊറ്റിയാല്‍ മോഹനന്‍, വിവി മുരളീധരന്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. സ്ത്രീകൾ അടക്കം ഇനിയും കൂടുതൽ പ്രതികൾ അടുത്ത ദിവസം അറസ്റ്റിലാകുമെന്നാണ് സൂചന.
സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന രണ്ട് പേരുടെ മുൻകൂർ ജാമ്യാപേക്ഷ അടുത്ത ദിവസം കോടതി പരിഗണിക്കും. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.