കണ്ണൂർ: തളിപ്പറമ്പ് നഗരസഭയിലെ നിരവധി വാര്‍ഡുകൾ വിമതരുടെ ഭീഷണിയിലാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ച വാര്‍ഡുകളിലാണ് വിമതർ കൂടുതലുള്ളത്. ഇന്ന് വൈകുന്നേരം മൂന്ന് വരെ പത്രിക പിന്‍വലിക്കാം. വിമതർ മത്സരരംഗത്തുണ്ടായാൽ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കും. ഇത്തവണ വാശിയേറിയ മത്സരം നടക്കുന്ന പാളയാട് വാര്‍ഡില്‍ മുന്‍ കെപിസിസി അംഗം കല്ലിങ്കീല്‍ പത്മനാഭന് മുഖ്യ എതിരാളിയായി മുന്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അഡ്വ. വിനോദ് രാഘവനും പത്രിക നല്‍കിയിട്ടുണ്ട്.
സിപിഐ സ്ഥാനാര്‍ഥി സി. ലക്ഷ്‌മണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അഡ്വ. വിനോദ് രാഘവന്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ കെ. നിഷ വിജയിച്ച പൂക്കോത്ത് തെരു വാര്‍ഡില്‍ കോണ്‍ഗ്രസ് മുന്‍ ബൂത്ത് പ്രസിഡന്‍റ് പൊട്ട്യാമ്പി രാഘവനും കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ കെ. രമേശനുമാണ് മത്സരിക്കുന്നത്. വാര്‍ഡ് വര്‍ഷങ്ങളായി കുടുംബാംഗങ്ങള്‍ തന്നെ മത്സരിക്കുന്നതിനാലാണ് വിമതനായി രാഘവന്‍ പത്രിക നല്‍കിയത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥിയും ജനതാദള്‍ സ്ഥാനാര്‍ഥിയും മത്സരിക്കുന്നുണ്ട്.
കഴിഞ്ഞ തവണ ദീപ രഞ്ജിത്ത് വിജയിച്ച നേതാജി വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.പി മനോജിനെതിരെ മുന്‍ നഗരസഭ സെക്രട്ടറിയും യുഡിഎഫ് അനുകൂല സര്‍വീസ് സംഘടന നേതാവുമായ ടി.ടി മാധവനും മത്സരിക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ഥിയും മത്സര രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്‍റ് രാഹുല്‍ ദാമോദരന്‍ മത്സരിക്കുന്ന രാജരാജേശ്വര വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തറച്ചാണ്ടി മധുസൂദനനാണ് മത്സരിക്കുന്നത്. എല്‍ഡിഎഫിലെ പി. ഗോപിനാഥനും ബിജെപി സ്ഥാനാര്‍ഥിയായി പ്രീത കുമാരിയും മത്സര രംഗത്തുണ്ട്.