കണ്ണൂര്‍ : തളിപ്പറമ്പ് സിപിഎമ്മിലെ വിഭാഗീയതയ്ക്കിടെ വിമത നേതാവ് കോമത്ത് മുരളീധരനെയും മകനെയും വധിക്കുമെന്ന് ഭീഷണിക്കത്ത്. തളിപ്പറമ്പ് സഖാക്കൾ എന്ന് പരാമര്‍ശിച്ചാണ് രണ്ട് കത്തുകൾ. ഈ വരുന്ന ഏരിയ സമ്മേളനത്തിന് മുന്‍പ് മകൻ അമലിനെയും ഏത് വിധേനെയും കൊല്ലുമെന്നാണ് ഭീഷണി. കൂടാതെ ടിപിയെ 51 വെട്ടിയെങ്കിൽ 102 തവണ വെട്ടണമെന്ന് പറയുന്ന രീതിയിലും കത്ത് ലഭിച്ചു.
"എടാ വർഗ വഞ്ചകാ കോമത്ത് മുരളി, ഈ വരുന്ന ഏരിയ സമ്മേളനത്തിന് മുന്‍പ് നിന്നെയും നിന്‍റെ മകൻ അമലിനെയും ഏത് വിധേനയും ഞങ്ങൾ കൊന്ന് ഞങ്ങളുടെ പ്രസ്ഥാനത്തിനോടുള്ള കടമ പൂർത്തീകരിക്കും. രക്ഷപ്പെടാമെങ്കിൽ രക്ഷപ്പെട്ടോളൂ. ഇത് ധീര രക്തസാക്ഷികൾ നേതൃത്വം കൊടുത്ത വിപ്ലവ പ്രസ്ഥാനത്തിന്‍റെ താക്കീത്" എന്നാണ് ഒരു കത്തിലുള്ളത്.
അതേസമയം സംഭവത്തിൽ തളിപ്പറമ്പ് ഡിവൈഎസ്‌പി ടി കെ രത്നകുമാറിന് മുരളീധരൻ പരാതി നൽകി. തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ആരോപിച്ച് ഇറങ്ങിപ്പോയതിന് പിന്നാലെ കോമത്ത് അനുകൂലികൾ ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രനെതിരെയും സിപിഎം തളിപ്പറമ്പ് നേതൃത്വത്തിനെതിരെയും പോസ്റ്റര്‍ പ്രചരണവും ശക്തിപ്രകടനവും നടത്തിയിരുന്നു.
വിശദീകരണം നൽകാതായതോടെ കോമത്ത് അടക്കം ആറ് പേർക്കെതിരെ നടപടി ശുപാർശയും ലോക്കൽ കമ്മിറ്റി യോഗത്തിലുണ്ടായി.
also read: സമര അതിക്രമത്തെ ന്യായീകരിച്ച് കെ സുധാകരൻ, "ജോജു ഗുണ്ടയെ പോലെ പെരുമാറി"
റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ച് ലഘുലേഖകൾ വിതരണം ചെയ്ത് പാർട്ടി ഗ്രാമത്തിൽ 300 ലധികം പേരെ പങ്കെടുപ്പിച്ച് എം ഷൈജു അനുസ്മരണവും മുരളീധരന്‍റെ നേതൃത്വത്തില്‍ ഞായറാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണിക്കത്ത് വന്നത്.