കണ്ണൂർ: തലശ്ശേരി കടൽ പാലം വിദേശ സാങ്കേതിക സഹായത്തോടെ സംരക്ഷിക്കും. ഇത് സംബന്ധിച്ച് പഠനവും പരിശോധനയും നടത്തി രൂപരേഖ തയ്യാറാക്കുന്നതിന്‍റെ ഭാഗമായി മുംബെയിൽ നിന്നുളള വിദഗ്‌ദ സംഘം എത്തി. രോഹിണി എന്‍റർപ്രൈസസ് കമ്പനിയുടെ സ്ട്രക്‌ചറൽ എഞ്ചിനിയർ അഹമ്മദ് കുണ്ടയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കടൽ പാലം സന്ദർശിച്ചു. അടിയന്തിരമായി ചെയ്യേണ്ടുന്ന പ്രവൃത്തികൾ തീരുമാനിച്ചു. അഡ്വ.എ.എൻ.ഷംസീർ എംഎൽഎ, കേരള.മാരിടൈം ബോർഡിന്‍റെ ചെയർമാൻ മാത്യു,ചീഫ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപെടെയുള്ളവർക്കൊപ്പമാണ് മുംബെയിലെ കമ്പനി പ്രധാനികൾ എത്തിയത് . ഫൈബർ റീ ഇൻഫോഴ്ഫിസ്‌മെന്‍റ് ടെക്നോളജിയാണ് കടൽ പാലം ശക്തിപ്പെടുത്തുന്നത്. അടുത്ത മാസത്തോടെ പിയർ പണി തീർത്ത് സന്ദർശകർക്കായി തുറന്നു നൽകാനാവുമെന്ന് ഉദ്യോഗസ്ഥർ പ്രതീക്ഷ പ്രകടിപ്പിച്ചു.
പൈതൃകനഗരമായ തലശ്ശേരിയിലെ ചരിത്ര സ്മാരകങ്ങളിൽ പ്രധാനമായ കടൽ പാലം 1910 ലാണ് നിർമ്മിച്ചത്. ബ്രിട്ടിഷ് ഭരണകാലത്ത് മലയോര മേഖലകളിലുള്ള കാപ്പി,കുരുമുളക്,ഏലം,ഇഞ്ചി തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ കടൽ പാലം വഴിയാണ് പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകളിലേക്ക് എത്തിച്ചിരുന്നത് കാലപഴക്കം കാരണം ഇപ്പോൾ പാലത്തിന്‍റെ അടിത്തൂണുകൾ മുഴുവനായി തുരുമ്പെടുത്തു നാശോന്മുഖമായി. മുകളിലെ സ്ളാബുകളും തകർന്നുവീണിരുന്നു. ഇത് കാരണം സന്ദർശകരെ തടയാൻ പാലത്തിന്‍റെ പ്രവേശന കവാടം ഇപ്പോൾ മതിൽ കെട്ടി അടച്ചു.