കണ്ണൂർ: കൊവിഡ് കാലത്ത് ഒരു ഉത്സവ സീസൺ മൊത്തം വലിയ നഷ്ടമായതിന്‍റെ സങ്കടത്തിലാണ് ചെറുകിട വസ്ത്രവ്യാപാരികൾ. ഓണം, വിഷു, പെരുന്നാൾ, നവരാത്രി, സ്കൂൾ സീസൺ തുടങ്ങി പണം വന്നു ചേരേണ്ട ഒരു കാലയളവ് മൊത്തം കച്ചവടക്കാർക്ക് നഷ്ടമായിരിന്നു. കച്ചവടം മൂന്നിലൊന്നായി കുറഞ്ഞു. കഴിഞ്ഞ സീസണിൽ 12 ലക്ഷം രൂപയുടെ കച്ചവടം നടന്ന സ്ഥാനത്ത് അത് നാല് ലക്ഷത്തിലേക്ക് ചുരുങ്ങി. ഏറ്റവും ഒടുവിൽ നവരാത്രി കാലം പോലും വലിയ നഷ്ടമാണ് സമ്മാനിച്ചതെന്ന് ചെറുകിട വസ്ത്ര വ്യാപാരിയായ കെ.ടി മോഹനൻ വ്യക്തമാക്കുന്നു.
സ്കൂൾ യൂണിഫോം കുട്ടികളുടെ പുത്തനുടുപ്പുകളും കെട്ടിക്കിടക്കുകയാണ്. നാട്ടിൽ കൂലിവേല ചെയ്ത് ജീവിക്കുന്നവർക്ക് പോലും പണി ഇല്ലാതായത് കച്ചവടത്തെ വലിയ തോതിൽ ബാധിച്ചു. ഒരു ജന്മദിനാഘോഷത്തിന് പോലും ചുരുങ്ങിയത് നൂറ് പേർ പങ്കെടുക്കുന്ന സ്ഥാനത്ത് ആഘോഷമേ ഇല്ലാതായി. സ്‌റ്റോക്കുള്ള തുണികൾ വിറ്റഴിക്കപ്പെടാതെ കെട്ടിക്കിടന്ന് ഡെഡ് സ്റ്റോക്കായി മാറി. ഈ വകയിൽ മാത്രം അര ലക്ഷം രൂപക്കടുത്ത് നഷ്ടം സംഭവിച്ചു. രാവിലെ മുതൽ വൈകിട്ട് ഏഴ് മണി വരെ കട തുറന്ന് ഇരുന്നാൽ ഒരു മണിക്കൂർ നേരത്തെ കച്ചവടം മാത്രമാണ് ലഭിക്കുന്നത്. ബാക്കി സമയം നഷ്ടമാണ്. കച്ചവടം വൻ പ്രതിസന്ധിയിൽ ആയതോടെ വലിയ വിഷമം അനുഭവിക്കുകയാണെന്നും മോഹനൻ കൂട്ടിച്ചേർത്തു.
കാലത്തിനനുസരിച്ച് മാറുന്ന ഫാഷന് അനുസരിച്ചുളള തുണിത്തരങ്ങൾ അതാത് സമയത്ത് വിറ്റഴിക്കപ്പെട്ടില്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കും. ഇതിന്‍റെ അനുഭവം പങ്കുവെയ്ക്കുകയാണ് വസ്ത്രവ്യാപാരിയായ സൽന. നിശ്ചിത സമയത്ത് തുണിത്തരങ്ങൾ ചിലവാകാതായതോടെ ഡെഡ് സ്റ്റോക്ക് കുന്നുകൂടി. പണം കിട്ടുന്ന ഒരു സീസൺ മൊത്തം തകർന്നതോടെ വലിയ നഷ്ടം സംഭവിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പത്ത് ലക്ഷത്തിലേറെ രൂപയുടെ കച്ചവടം നടന്ന സ്ഥാനത്ത് അത് രണ്ട് ലക്ഷത്തിൽ താഴെയായി ചുരുങ്ങിയെന്നും സൽന പറയുന്നു.
പുതിയ മോഡലുകളും ഡിസൈനുകളും വന്നു ചേരാത്തതും കച്ചവടത്തെ ബാധിച്ചെന്ന് മൊത്ത, ചില്ലറ വസ്ത്ര വ്യാപാരിയായ സുനിൽ കുമാർ കെ.കെ പറയുന്നു. കൊവിഡ് രൂക്ഷമായതോടെ മുംബൈ, സൂറത്ത്, അഹമ്മദാബാദ് തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള മില്ലുകളിൽ നിന്നും തുണികളുടെ വരവ് മുപ്പത് ശതമാനമായി കുറഞ്ഞു. വരുന്നതിൽ കൂടുതലും നിലവിലുള്ള ഡിസൈനുകൾ ആയതും വലിയ തിരിച്ചടിയായി. കുടുംബത്തോടെ എത്തി തുണിത്തരങ്ങൾ വാങ്ങുന്നവരുടെ എണ്ണം തീരെ കുറഞ്ഞതോടെ സീസൺ വലിയ നഷ്ടമായി. വിവാഹം, ഗൃഹപ്രവേശ ചടങ്ങുകൾ, മറ്റ് ആഘോഷ പരിപാടികളെല്ലാം ചുരുങ്ങിയതോടെ കച്ചവടം 70 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ സീസണിൽ രണ്ട് കോടിയിലേറെ രൂപയുടെ കച്ചവടം നടന്നപ്പോൾ കൊവിഡ് സീസണിൽ അത് എൺപതിനായിരത്തിൽ താഴെയായി.
സ്ത്രീകളേയും കുട്ടികൾകളേയും മാത്രം പ്രതീക്ഷിച്ച് വ്യാപാരം തുടങ്ങിയവർക്കും വൻ തിരിച്ചടിയാണ് ഈ ഉത്സവ സീസണിൽ സംഭവിച്ചത്. കടയുള്ളത് കൊണ്ട് മാത്രം അത് തുറക്കുന്നു എന്നേയുള്ളൂവെന്ന് തുണിക്കച്ചവടം നടത്തുന്ന പ്രഭിത പറയുന്നു. വീടുകളിൽ നടക്കുന്ന ആഘോഷ പരിപാടികൾ നിലച്ചതാണ് വലിയ തിരിച്ചടിയായത്. റെഡിമെയ്‌ഡ് വസ്ത്രങ്ങൾ കെട്ടികിടക്കുന്നതും വലിയ നഷ്ടമാണ് വരുത്തുന്നത്.