കണ്ണൂർ: വിദേശത്ത് നിന്നെത്തിയ നാട്ടുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഭയപ്പാടിലായ പെരിങ്ങോവും പരിസര പ്രദേശങ്ങളും സാധാരണ നിലയിലേക്ക്. ആശങ്ക കൂടാതെ ആളുകള്‍ ടൗണിലേക്ക് എത്തിയതിന് പിന്നാലെ കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ പെരിങ്ങോം സാധാരണ നിലയിലായത്. പരിശോധന ഫലം പോസിറ്റീവായ വ്യക്തിയുമായി അടുത്തിടപഴകിയ ബന്ധുക്കളും നിരീക്ഷണത്തിലായതോടെ നാടൊന്നാകെ പരിഭ്രാന്തിലായിരുന്നു. ഇതോടൊപ്പം ഇയാളെ ആദ്യം ചികിത്സിച്ച ഡോക്‌ടറും നിരീക്ഷണത്തിലായത് ഭീതി വർധിപ്പിച്ചു. എന്നാൽ രോഗിയുടേത് അടക്കം എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവായതോടെ ജനങ്ങളുടെ ആശങ്കയ്‌ക്ക് അറുതി വന്നു.
പഞ്ചായത്ത് അധികൃതരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും പൊലീസിന്‍റെയും നിരന്തര ഇടപെടലും ജാഗ്രതാ നിര്‍ദേശങ്ങളും ആശങ്കകൾ അകറ്റാൻ സഹായകരമായി. സ്‌കൂൾ വിദ്യാർഥികളടക്കം തികഞ്ഞ ജാഗ്രത പുലർത്തിയപ്പോൾ അധ്യാപകരും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി മാതൃകയായി.
കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നതിന്‍റെ പേരിൽ പല തരത്തിലുള്ള പ്രചാരണങ്ങളാണ് ഉയർന്നതെന്ന് വ്യാപാരികള്‍ പറയുന്നു. വ്യാജ വാര്‍ത്തകൾ പ്രചരിപ്പിച്ച് പൊതു സമൂഹത്തെ ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയവരെ തിരിച്ചറിയാതെ പോവരുത് എന്നാണ് വലിയൊരു ഭീതിയിൽ നിന്നും കരകയറിയ സാധാരണക്കാരായ ഈ ജനതക്ക് പറയാനുള്ളത്.