കണ്ണൂര്‍: തീവ്രവാദികൾ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാനും ജനാധിപത്യ സംവിധാനത്തെ തകർക്കാനും തീവ്രശ്രമങ്ങൾ നടത്തുകയാണെന്ന് കരസേനാ മേധാവി എം എം നരവാനെ പറഞ്ഞു. തീവ്രവാദം ഗുരുതരമായ ഭീഷണിയായി തുടരുകയാണെന്നും അതിനെതിരെ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും അത് അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഇപ്പോള്‍ എല്ലാ ഭാഗത്ത് നിന്നും വെല്ലുവിളികള്‍ നേരിടുകയാണെന്നും അത് നേരിടാന്‍ തയ്യാറാവണമെന്നും നരവാനെ പറഞ്ഞു. ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ നാവികരുടെ പാസിംഗ് ഔട്ട് പരേഡില്‍ എം എം നരാവനെ സല്യൂട്ട് സ്വീകരിച്ചു. അതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ നേവൽ അക്കാദമി ബിടെക്ക് കോഴ്സുകളും നേവൽ ഓറിയറ്റേഷൻ കോഴ്സുകളും പൂർത്തിയാക്കിയ നാവികരുടെ പാസിംഗ് ഔട്ട് പരേഡ് ആണ് നടന്നത്. ശ്രീലങ്കയിൽ നിന്നുള്ള രണ്ടു പേരടക്കം 164 നാവികരാണ് പരിശീനം പൂർത്തിയാക്കിയത്.ചടങ്ങിൽ മികച്ച കാഡറ്റുകൾക്കുള്ള വിവിധ അവാർഡുകളും സമ്മാനിച്ചു.