കണ്ണൂര്‍: പ്രവാസികളുടെ ക്വാറന്‍റൈന്‍ ജീവിതത്തിന്‍റെ ആകുലതകൾ പങ്കു വെച്ച് തമാനിയ ഇഷ്രീൻ എന്ന ഹ്രസ്വചിത്രം. തളിപ്പറമ്പ് സ്വദേശിയായ രാജേഷ് കാഞ്ഞിരങ്ങാടാണ് ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തമാനിയ ഇഷ്രീൻ സാമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് നേടിയത്. ഗൾഫിൽ നിന്നെത്തിയ മലയാളി യുവാവിന് സ്വന്തം വീട്ടുകാർ ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കി നൽകിയില്ലെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിൽ വന്നത്. അതിന്‍റെ തൊട്ടുമുമ്പ് റിലീസായ തമാനിയ ഇഷ്രീൻ എന്ന മലയാള ഹ്രസ്വചിത്രം പറയുന്നതും സമാനമായ കഥയാണ്.
ക്വാറന്‍റൈനില്‍ കഴിയേണ്ടി വരുന്ന നാട്ടിലെത്തിയ പ്രവാസികളുടെ ആശങ്കകളാണ് ചിത്രം പങ്കുവെക്കുന്നത്. കാവ്യ ഡിജിറ്റലിന്‍റെ ബാനറിൽ ബിജിത രാജേഷ് നിർമിച്ച് രാജേഷ് കാഞ്ഞിരങ്ങാട് സംവിധാനം ചെയ്ത തമാനിയ ഇഷ്രീൻ സംവിധായകൻ ബോബൻ സാമുവൽ തന്‍റെ ഫേസ്ബുക്ക് പേജിലുടെയാണ് റിലീസ് ചെയ്തത്.
ഈ ചിത്രം സുഹൃദ് ബന്ധത്തിന്‍റെയും കുടുംബ ബന്ധങ്ങളുടെയും ഹൃദ്യമായ ആവിഷ്കാരം കൂടിയാണ്. ഇത് അർത്ഥമാക്കുന്ന അറബി പദമാണ് തമാനിയ ഇഷ്രീൻ. മലയാള സിനിമാ നിർമാണ- വിതരണ രംഗത്ത് ശ്രദ്ധേയരായ ഗുഡ് വിൽ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ യുട്യുബ് ചാനലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിച്ചത്. കുഞ്ചാക്കോ ബോബൻ അടക്കമുള്ള പ്രശസ്ത സിനിമാ താരങ്ങളും ചിത്രം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.
എം.വി ഷാജി തിരക്കഥയും സംഭാഷണവും നിർവഹിച്ച തമാനിയ ഇഷ്രീന്‍റെ ഛായാഗ്രഹണം വിപിൻ മൊട്ടമ്മലാണ്. ഉണ്ണി കൂവോട് എഡിറ്റിംഗും സജി സരിഗ പശ്ചാത്തല സംഗീതവും നിർവഹിച്ചു. മുരളി ചവനപ്പുഴ, കെകെഎൻ ചവനപ്പുഴ, ഉദീഷ് ഉണ്ണി, സുകേഷ് പാറയിൽ, ആതിര രാജൻ, ശ്രീജ രയരോത്ത്, പ്രസാദ് കാഞ്ഞിരങ്ങാട് എന്നിവരാണ് ചിത്രത്തിൽ അഭിനയച്ചിരിക്കുന്നത്.