കണ്ണൂര്‍ : തളിപ്പറമ്പ് നഗരസഭ സെക്രട്ടറി വിരമിച്ച ശേഷം പുതിയ നിയമനം നടത്താത്തത് തദ്ദേശ ഭരണസ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നതായി പരാതി. ജനുവരി 24 നാണ് സെക്രട്ടറി വിരമിച്ചത്. ശേഷം നഗരസഭ എഞ്ചിനീയര്‍ക്കാണ് സെക്രട്ടറിയുടെ അധിക ചുമതല.
നഗരസഭയിലെ 34 വാർഡുകളിലെ പദ്ധതികളും വികസന പ്രവർത്തനങ്ങളും ഏകോപിക്കാൻ സെക്രട്ടറിയില്ലാത്തത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളും തകർന്ന റോഡുകളും പരിശോധിക്കാന്‍ എഞ്ചിനീയര്‍ വാർഡുകളിലേക്ക് പുറപ്പെട്ടാൽ, കാണാനെത്തുന്നവർ മണിക്കൂറോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്.
ALSO READ: 'നാല് വോട്ടിനായി നട്ടെല്ല് വളയ്‌ക്കാത്ത നേതാക്കൾ' ; വി.ഡിയെയും പി.ടിയെയും വാഴ്‌ത്തി മാര്‍ കൂറിലോസ്
നിലവില്‍, പൊതുമരാമത്ത് വിഭാഗത്തിൽ മൂന്ന് ഓവർസിയർമാരുടെ ഒഴിവുകളുമുണ്ട്. മരാമത്ത് പണികള്‍ മുടങ്ങിക്കിടക്കുകയാണ്. ദീർഘകാലം സെക്രട്ടറിയില്ലാത്ത അവസ്ഥ മുന്‍പുണ്ടായിട്ടില്ലെന്ന് നഗരസഭ ജീവനക്കാർ പറയുന്നു.
അതേസമയം, ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതുമായി ബന്ധപ്പെട്ട വിഷയം തദ്ദേശവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് നഗരസഭ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി പറഞ്ഞു.