കണ്ണൂർ: ലക്ഷങ്ങള്‍ ചെലവഴിച്ച് തളിപ്പറമ്പ് നഗരസഭ സ്ഥാപിച്ച സിസിടിവി കാമറയെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമായി. തിങ്കളാഴ്‌ച നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിന്‍റെ അജണ്ടയിലാണ് സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനമായത്. കാമറകളുടെ മോണിറ്ററിംഗ് സിസ്റ്റം നഗരസഭാ ഓഫീസിലും പൊലീസ് സ്റ്റേഷനിലും സ്ഥാപിക്കാനും തീരുമാനമായി.
കഴിഞ്ഞ ഭരണസമിതി 35 ലക്ഷം രൂപ ചെലവഴിച്ചാണ് 15 കേന്ദ്രങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചത്. സിസിടിവി കാമറകളുടെ മോണിറ്ററിംഗ് സിസ്റ്റം പൊലീസ് സ്‌റ്റേഷനില്‍ സ്ഥാപിച്ചതിനെതിരെ നഗരസഭ സെക്രട്ടറി രംഗത്തുവന്നിരുന്നു. മോണിറ്ററുകള്‍ പൊലീസ് സ്റ്റേഷനിലല്ല നഗരസഭയിലാണ് സ്ഥാപിക്കേണ്ടതെന്ന വാദത്തില്‍ സെക്രട്ടറി ഉറച്ചു നിന്നതോടെയാണ് കാമറ പ്രവര്‍ത്തനം നിലച്ചത്.