കണ്ണൂർ : തളിപ്പറമ്പ് മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പുനസംഘടിപ്പിച്ച ജില്ല കമ്മിറ്റിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സമാന്തരകമ്മിറ്റി രൂപീകരിച്ചു. പി.എ സിദ്ദിഖ് പ്രസിഡന്‍റും കെ. മുഹമ്മദ് ബഷീർ ജനറൽ സെക്രട്ടറിയുമായാണ് സമാന്തര കമ്മിറ്റി.
ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കേണ്ടി വന്നതിന്‍റെ പ്രധാന കാരണം മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡന്‍റ് കുഞ്ഞിമുഹമ്മദാണെന്ന് കെ. മുഹമ്മദ് ബഷീർ പറഞ്ഞു. അസാന്മാർഗിക കൂട്ടുകെട്ടിനെതിരെ പോരാടി തളിപ്പറമ്പിലെ മുസ്ലിം ലീഗ് പാർട്ടിയെ ശുദ്ധീകരിക്കും.
പാർട്ടിയെ സജീവവും സക്രിയവുമാക്കി, രൂപീകരണ കാലം മുതൽ പാർട്ടിക്കുള്ള അഭിമാനത്തോടുകൂടി കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ലീഗിൽ നിന്നും മാറി നിൽക്കില്ല. പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഭാരവാഹികൾ പറയുന്നു.
ALSO READ: നർക്കോട്ടിക് ജിഹാദ്; സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി
മുൻ തളിപ്പറമ്പ് നഗരസഭ അധ്യക്ഷൻ അള്ളാംകുളം മഹമ്മൂദിന്‍റെ വിഭാഗമാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ പി.കെ സുബൈർ വിഭാഗം ഇതുവരെ ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയെ ധരിപ്പിക്കുമെന്നും സമാന്തര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഔദ്യോഗിക കമ്മിറ്റി പ്രസിഡന്‍റ് കോടിയിൽ സലീം, ജനറൽ സെക്രട്ടറി അബ്‌ദുൽ നിസാർ പി.പി, ട്രഷറർ മുഹമ്മദ് ബഷീർ തുടങ്ങിയവരുടെ നേതൃത്വത്തിനെതിരെയാണ് സമാന്തര കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.