വെല്ലിങ്‌ടണ്‍: പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ വേറിട്ട പ്രതിഷേധവുമായി ന്യൂസിലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി ഹനാ റൗഹിതി മൈപി ക്ലാര്‍ക്ക്. വൈതാംഗി ഉടമ്പടിയിലെ ചില ഭാഗങ്ങളിൽ മാറ്റം വരുത്താനുദ്ദേശിക്കുന്ന ബില്ല് അവതരണത്തിനിടെയാണ് 22കാരിയായ എംപിയുടെ പ്രതിഷേധം. പ്രതിഷേധത്തിന്‍റെ ഭാഗമായി ബില്ല് കീറിയെറിഞ്ഞ ശേഷം പാര്‍ലമെന്‍റില്‍ പ്രതിപക്ഷ എംപിമാര്‍ മാവറി വിഭാഗത്തിന്‍റെ പരമ്പരാഗത നൃത്തരൂപമായ ഹക്കയ്‌ക്ക് ചുവടുവയ്‌ക്കുകയായിരുന്നു.
ഭരണകക്ഷിയായ എസിടിയാണ് ന്യൂസിലൻഡ് പാര്‍ലമെന്‍റില്‍ വൈതാംഗി ഉടമ്പടിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ബില്ല് കൊണ്ടുവന്നത്. ഹന റൗഹിതി ഉള്‍പ്പെടുന്ന മാവറി വിഭാഗം ഉടമ്പടിയില്‍ തിരുത്തല്‍ കൊണ്ടുവരുന്നതിനെതിരെ നേരത്തെ തന്നെ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ബില്ല് പാര്‍ലമെന്‍റിലേക്ക് എത്തിയത്.
Meanwhile, New Zealand's Parliament: pic.twitter.com/ocgP7H62ia
— End Wokeness (@EndWokeness) November 14, 2024
എസിടി പാര്‍ട്ടിയുടെ നേതാവ് ഡേവിഡ് സെയ്‌മോറാണ് പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിച്ചത്. ബില്ലിനോട് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ വിയോജിച്ചെങ്കിലും സഖ്യകക്ഷിയുമായുള്ള രാഷ്‌ട്രീയ കരാറിന്‍റെ ഭാഗമായി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ സ്വന്തം എംപിമാര്‍ക്ക് അനുമതി നല്‍കുകയായിരുന്നു. പ്രധാനമന്ത്രിയുടെ നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബില്ലില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മാവറി വിഭാഗത്തില്‍ നിന്നുള്ള എംപി കൂടിയായ ഹന റൗഹിതി നടുത്തളത്തിലേക്കിറങ്ങി നൃത്തം ചെയ്‌തത്. പ്രതിഷേധത്തിന്‍റെ ഭാഗമായി ബില്ലിന്‍റെ പകര്‍പ്പും എംപി കീറിയെറിഞ്ഞു. ഹനയ്‌ക്ക് പിന്തുണയുമായി മറ്റ് പ്രതിപക്ഷ എംപിമാരും നടുത്തളത്തിലിറങ്ങിയിരുന്നു. ഗാലറിയില്‍ നിന്നും വലിയ രീതിയിലുള്ള പിന്തുണയായിരുന്നു ഹനയ്‌ക്ക് ലഭിച്ചത്.
ഇതിന് പിന്നാലെ പാര്‍ലമെന്‍റ് സമ്മേളനം നിര്‍ത്തിവച്ച് എംപിയെ സസ്‌പെൻഡ് ചെയ്‌തിരുന്നു. തുടര്‍ന്ന് ബില്‍ അവതരിപ്പിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഭരണകക്ഷി അറിയിച്ചു. അതേസമയം, ബില്ലിനെതിരെ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വൈതംഗി ഉടമ്പടി: ബ്രിട്ടീഷ് അധികാരികളും 500ല്‍ അധികം മാവോറി നേതാക്കളും ചേര്‍ന്നാണ് ഭരണ നിര്‍വഹണം സംബന്ധിച്ച് 1840ല്‍ വൈതംഗി ഉടമ്പടിയില്‍ ഒപ്പുവച്ചത്. ന്യൂസിലൻഡിന്‍റെ നിയമനിര്‍മാണത്തിന്‍റെ അടിസ്ഥാന രേഖയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. വൈതംഗി രേഖ തിരുത്തുന്നതുമായി ബന്ധപ്പെട്ട കരട് ബില്ല് അവതരിപ്പിച്ചപ്പോള്‍ തന്നെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.
Also Read : പലസ്‌തീനിലെ ഇസ്രയേല്‍ യുദ്ധം വംശഹത്യയെന്ന് ഐക്യരാഷ്‌ട്രസഭ സമിതി