കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയുടെ പുതിയ കൗൺസിലിന്‍റെ പ്രഥമ ബജറ്റ് വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അവതരിപ്പിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് കിഫ് ബി മുഖേന 19.5 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും. പശ്ചാത്തല മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പ്രാരംഭ നീക്കിയിരിപ്പ് ഉൾപ്പെടെ 87,33,21,180 രൂപ വരവും 78,61,77,000 രൂപ ചെലവും 8,71,44,180 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് 2021-22 വർഷത്തെ മതിപ്പ് ബജറ്റ്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ട്രോമാകെയർ യൂണിറ്റ്, ആധുനിക ഓപ്പറേഷൻ തിയേറ്റർ സമുച്ചയം എന്നിവയ്ക്ക് കിഫ്ബി മുഖേന 19.5 കോടി ചെലവഴിക്കാൻ തളിപ്പറമ്പ് നഗരസഭ - 2021-22 വർഷത്തെ ബജറ്റ് പ്രഖ്യാപിച്ചു.
ലൈഫ് പദ്ധതിയിൽ ഫ്ലാറ്റ് നിർമിക്കാൻ ഒരുകോടി, ഗ്യാസ് ക്രിമിറ്റോറിയത്തിന് 35 ലക്ഷം, എല്ലാ വീടുകളിലും ഫലവൃക്ഷങ്ങൾ വിതരണം ചെയ്യാൻ 15 ലക്ഷം, പച്ചത്തുരുത്തിന് 15 ലക്ഷം, സലാമത്ത് നഗർ -കപ്പാലം ഡ്രൈനേജിന് ഒരുകോടി, മിനി മാസ്റ്റ് ലൈറ്റുകൾക്ക് 40 ലക്ഷം, കോർട്ട് റോഡ്- മുൻസിപ്പൽ റോഡ് മെക്കാഡം പ്രവൃത്തിക്ക് 48 ലക്ഷം, കാക്കാത്തോട് ബസ്റ്റാൻ്റ് പൂർത്തികരണത്തിന് 65 ലക്ഷം എന്നിവയാണ് പ്രധാന പദ്ധതികൾ.
തീർത്തും നിരാശാജനകവും ജനങ്ങൾക്ക് ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ബജറ്റുമാണെന്ന് പ്രതിപക്ഷ നേതാവ് ഒ.സുഭാഗ്യം പ്രതികരിച്ചു. 65 ലക്ഷം ഹെക്ടർ തരിശായി കിടക്കുന്ന സ്ഥലത്ത് കാർഷിക മേഖലക്ക് ഒരു കോടി രൂപ മാത്രമാണ് വകയിരുത്തിയത് ഇത് തീർത്തും അപര്യാപ്തമാണ്. ഒരു കോടി രൂപയാണ് ഫ്ലാറ്റ് നിർമാണത്തിന് മാറ്റിവെച്ചത്. ഈ തുക ഭൂമി വാങ്ങാൻ പോലും അപര്യപ്തമാണെന്നും ഒ.സുഭാഗ്യം പറഞ്ഞു. ബിജെപി അംഗം കെ വത്സരാജൻ ബജറ്റിനെ പിൻതാങ്ങി സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷയായി. എം.കെ ഷബിത, പി.പി മുഹമ്മദ് നിസാർ, സിവി ഗിരീഷൻ, നബീസ ബീവി എന്നിവര്‍ ചർച്ചയിൽ സംസാരിച്ചു.