കണ്ണൂർ: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി സിഎം കൃഷ്‌ണൻ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ആലക്കോട് ഡിവിഷനിൽ നിന്നുള്ള പി പ്രേമലതയാണ് വൈസ് പ്രസിഡന്‍റ് . ബുധനാഴ്‌ച രാവിലെ 11 മണിക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആറിനെതിരെ 10 വോട്ടുകൾക്കാണ് എൽഡിഎഫിലെ സിഎം കൃഷ്‌ണൻ വിജയിച്ചത്. ചെങ്ങളായി വാർഡിൽ നിന്നുള്ള പ്രതിനിധി മുതിർന്ന കോൺഗ്രസ് നേതാവ് കൊയ്യം ജനാർദ്ദനൻ ആയിരുന്നു യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥി.
കുറ്റിയേരി ഡിവിഷനിലെ ജനപ്രതിനിധിയായ സിഎം കൃഷ്‌ണൻ സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയംഗമാണ്. സിഐടിയു ഏരിയാ പ്രസിഡന്‍റ്, തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉച്ച കഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആലക്കോട് ഡിവിഷനിലെ ജനപ്രതിനിധി പി പ്രേമലത 16 ൽ 10 വോട്ടുകൾ നേടിയാണ് വിജയിച്ചത്. കരുവഞ്ചാൽ ഡിവിഷനിൽ നിന്നുള്ള പ്രതിനിധി മുസ്‌ലിം ലീഗിലെ എംപി വഹീദയായിരുന്നു യുഡിഎഫിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി.