കണ്ണൂർ : ഇത് കണ്ണൂർ മയ്യിൽ സ്വദേശിനി സുഷ ശിവദാസ്.. സമൂഹ മാധ്യമത്തിലൂടെ വൈറലായ സന്തൂർ മമ്മി. 15-ാം വിവാഹ വാർഷികത്തിൽ ഭർത്താവ് ശിവദാസിനൊപ്പം ഇരുവരുടെയും കല്യാണവസ്‌ത്രത്തിൽ വീണ്ടും നടത്തിയ ഫോട്ടോഷൂട്ടാണ് സുഷയെ വൈറലാക്കിയത്. 2008 ലായിരുന്നു ഇരുവരുടേയും വിവാഹം. അന്ന് സുഷയ്‌ക്ക് പ്രായം 22 വയസ്.
വീണ്ടും വധുവായി ഒരുങ്ങാനുള്ള സുഷയുടെ ആഗ്രഹം ഭർത്താവും മക്കളും പിന്തുണച്ചു. സുഹൃത്തായ ബ്യൂട്ടീഷൻ അനുപമയാണ് സുഷയെ ഒരുക്കിയത്. സായി മധുക്കോതാണ് ചിത്രങ്ങൾ പകർത്തിയത്. വിവാഹ സമയത്ത് ഭാരം കൂടിയ ശരീരപ്രകൃതമായിരുന്നു സുഷയുടേത്. പ്രസവശേഷം ഭാരം നൂറിനു മുകളിൽ എത്തി.
വ്യായമവും കൃത്യമായ ഡയറ്റും കൊണ്ട് ശരീര ഭാരം കുറച്ച സുഷ നിരവധി പ്രശംസകളും ഏറ്റുവാങ്ങിയിട്ടുണ്ട്. സൗന്ദര്യ വർധക വസ്‌തുക്കൾ ഒന്നും ഉപയോഗിക്കാറില്ലെന്നും എന്നാൽ സന്തൂർ മമ്മി എന്ന വിളി കേൾക്കുമ്പോൾ കൗതുകം തോന്നുന്നുവെന്നും സുഷ പറയുന്നു. ഭർത്താവ് ശിവദാസ് കോഴിക്കോട് മഹീന്ദ്ര ഫിനാൻസ് ജീവനക്കാരനാണ്. ദേവിക, കൃഷ്‌ണ ദേവ് എന്നിവരാണ് മക്കൾ. ബികോം ബിരുദധാരിയായ സുഷ മികച്ച ഒരു ചിത്രകാരി കൂടിയാണ്.