കണ്ണൂർ: കുന്നുകളൊക്കെ ഇടിച്ചുനിരത്തുന്ന ഇക്കാലത്ത് തന്‍റെ ബാല്യകാലത്ത് ഉണ്ടായിരുന്ന ഒരു കുന്നിനെ പുനർജനിപ്പിക്കുകയാണ് സുരേന്ദ്രൻ കൂക്കാനം. സുരേന്ദ്രനും കൂട്ടുകാരും ഓടിക്കളിച്ച് വളർന്ന കുറവൻ കുന്ന് വെറും ഓർമ മാത്രമാണ് ഇന്ന്. അതിനെ പുനർജനിപ്പിക്കാനുള്ള ശ്രമമാണ് സുരേന്ദ്രൻ കൂക്കാനം നടത്തുന്നത്.
അച്ഛൻ എഴുതിക്കൊടുത്ത 12 സെന്‍റിലാണ് കുന്ന് പുനർജനിപ്പിക്കുന്നത്. കുന്നിലെ ആദ്യത്തെ മണ്ണ് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന വിഷ്‌ണു ഭാരതീയന്‍റെ സ്‌മൃതി കുടീരത്തിൽ നിന്നുള്ളതാണ്. പാടം നികത്തി പറമ്പുകളായ ഭൂമികളിൽ നിന്നും ഓരോ കുട്ട മണ്ണ് കൊണ്ടു വന്നിടുന്നു. അങ്ങനെ പതിയെ കുന്ന് കുറവൻ കുന്ന് ആവുകയാണ്.
ഇനി ഇന്ത്യയുടെ ധീര ദേശാഭിമാനികൾ ഉറങ്ങുന്ന സ്ഥലങ്ങളിൽ പോയി ഓരോ പിടി മണ്ണ് ശേഖരിച്ച് ഇവിടെ എത്തിക്കും. കുണിയൻ, കയ്യൂർ, മുനയൻ കുന്ന്, പുന്നപ്ര അങ്ങനെയങ്ങനെ നാടിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടി ജീവന്‍ ത്യജിച്ചവര്‍ അന്ത്യനിദ്രയിലായ പ്രദേശങ്ങളിൽ നിന്നും മണ്ണ് ശേഖരിക്കും. അങ്ങനെ നാലോ അഞ്ചോ വർഷം കൊണ്ട് രക്തസാക്ഷിയായി മാറിയ കുറവൻ കുന്നിന് പുനർജന്മമുണ്ടാകും. സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റുക കൂടിയാണ് ഇതിലൂടെ താൻ ചെയ്യുന്നതെന്ന് സുരേന്ദ്രൻ പറയുന്നു.