കണ്ണൂര്‍: ചന്ദനക്കാംപാറയിൽ സ്‌കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കായികാധ്യാപകനെ പൊലീസ് പിടികൂടി. പൊലീസ് സാഹസികമായാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ ഏഴരയോടെ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചത് മുതല്‍ കുറ്റരോപിതന്‍ ഒളിവിലായിരുന്നു. ഇന്ന് രാവിലെ കോട്ടയം-ചന്ദനക്കാംപാറ റൂട്ടിലോടുന്ന ബസിൽ പുലർച്ചെ ഇയാൾ വീട്ടിലെത്തുകയായിരുന്നു. വീട് വളഞ്ഞ് പിടികൂടാനുള്ള പൊലീസിന്‍റെ ശ്രമത്തിനിടയിൽ ഇയാൾ പിൻവാതിൽ വഴി ഓടി രക്ഷപ്പെടുകയും പിന്തുടർന്ന പൊലീസ് സംഘം സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും മൽപ്പിടുത്തത്തിലൂടെ പിടികൂടുകയുമായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു വിദ്യാര്‍ഥിനികൾ ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പുറത്തറിയുന്നത്. വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നാട്ടുകാർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഫോഴ്‌സിന്‍റെ നേതൃത്വത്തിൽ സബ് ജഡ്ജി ഉൾപ്പെടുന്ന ടീം സ്‌കൂളിലെത്തി നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ഥിനികള്‍ പീഡനത്തിന് ഇരയായതായി വ്യക്തമാകുന്നത്. ഇതേ തുടര്‍ന്ന് സബ് ജഡ്‌ജി അധ്യാപകനെ പിടികൂടാൻ കർശന നിർദേശം നൽകുകയായിരുന്നു. പയ്യാവൂര്‍ എസ്‌ഐ രമേശന്‍റെ നേതൃത്വത്തിലാണ് കുറ്റാരോപിതനെ പിടികൂടിയത്.