കണ്ണൂർ: സർവകലാശാലയിൽ ബി.പി.ഇ.ഡി കോഴ്‌സിന് വേണ്ടി താൻ മാർക്ക് ദാനത്തിന് അപേക്ഷിച്ചുവെന്നത് തെറ്റായ വാർത്തയാണെന്ന് കെ. വി. ഐശ്വര്യ. അർഹതപ്പെട്ട ഗ്രേസ് മാർക്കിന് വേണ്ടിയാണ് കായിക മന്ത്രിക്ക് നിവേദനം നൽകിയതെന്നും വാർത്താ സമ്മേളനത്തിൽ ഐശ്വര്യ പറഞ്ഞു. തനിക്ക് ഹാൾ ടിക്കറ്റ് കിട്ടി എന്നതും ശരിയല്ല. നിയമത്തിന്‍റെയും നേരിന്‍റെയും വഴി സ്വീകരിച്ചതിനാലാണ് തനിക്ക് നീതി വൈകിയതെന്നും തന്നോട് വിളിച്ച് ചോദിക്കുക പോലും ചെയ്യാതെയാണ് അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഐശ്വര്യ പറയുന്നു.
കേരള സർവകലാശാലയിൽ ബി.കോം ഫലം വരുന്നതിന് മുമ്പ് തന്നെ 2019 ജൂൺ പതിനൊന്നിന് കണ്ണൂർ സർവകലാശാലയിൽ ബി.പി.ഇ.ഡിക്ക് പ്രവേശനം നേടിയിരുന്നു. എന്നാല്‍ നിശ്ചിത സമയത്തിനുള്ളിൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പ്രവേശനം റദ്ദാകുമെന്നായിരുന്നു അന്ന് മേധാവി പറഞ്ഞതെന്ന് ഐശ്വര്യ പറയുന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ പരീക്ഷാഫലം വന്നിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. 2018 ൽ എഴുതിയ ആദ്യ സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷക്ക് രണ്ട് വിഷയത്തിൻ ഗ്രേസ് മാർക്ക് ചേർത്തിരുന്നില്ല. സർവകലാശാലയിൽ അന്വേഷിച്ചപ്പോൾ അടുത്ത ദിവസം തന്നെ ഗ്രേസ് മാർക്ക് തരാമെന്നു പറഞ്ഞെങ്കിലും മാർക്ക് തന്നില്ല. തുടർന്നാണ് കായികമന്ത്രിക്ക് നിവേദനം നൽകിയതെന്ന് ഐശ്വര്യ വ്യക്തമാക്കി.
നിവേദനം മേൽനടപടിക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നൽകിയിട്ടുണ്ടെന്ന അറിയിപ്പും ലഭിച്ചതായി ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാത്തതിനാൽ പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ് നൽകാൻ പറ്റില്ല എന്ന് സർവകലാശാല അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ താൻ വീട്ടിലേക്ക് തിരിച്ചു വരികയായിരുന്നുവെന്നും വർഷങ്ങളായുള്ള ഹോക്കി പരിശീലനവും നേട്ടങ്ങളും ആണ് ഇല്ലാതായതെന്നും ഐശ്വര്യയും മാതാപിതാക്കളും കണ്ണൂരില്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഐശ്വര്യ വ്യക്തമാക്കി.