കണ്ണൂർ: ഇരിട്ടിയിൽ ഒരു വയസുള്ള കുട്ടിക്ക് രണ്ടാനച്ഛന്‍റെ മർദനമേറ്റ സംഭവത്തിൽ രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ. കേളകം പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് രണ്ടാനച്ഛന്‍റെ അറസ്റ്റ്. മർദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയ്ക്കെതിരേ കേസ്.
അതേസമയം കുഞ്ഞിന് ക്രൂരമായ പീഡനം ഏറ്റതായി കുഞ്ഞിന്‍റെ അമ്മുമ്മ പറഞ്ഞു. കുട്ടി മൂത്രമൊഴിക്കുന്നത് പറഞ്ഞായിരുന്നു മർദ്ദനമെന്ന് അമ്മുമ്മ പറയുന്നു. കുട്ടിയെ നിലത്ത് കിടത്തുകയും മൂത്രം ഒഴിച്ചെന്ന് പറഞ്ഞ് മർദിക്കുകയും കുട്ടിയെ വീട്ടിൽ താമസിപ്പിച്ചാൽ കൊല്ലുമെന്ന് പറഞ്ഞതായും അമ്മുമ്മ പറഞ്ഞു.
Also Read: അങ്ങനെ അവര്‍ വിവാഹിതരായി... 'മമതാ ബാനർജിയും സോഷ്യലിസവും' സന്തോഷത്തിലാണ്
മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ അമ്മയുടെ മാതാപിതാക്കളാണ് പേരാവൂർ ആശുപത്രിയിൽ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയിൽ മർദനമേറ്റ പരിക്കുകളാണെന്ന് മനസിലായ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അച്ഛൻ മരക്കമ്പ് കൊണ്ടുള്ള മർദനത്തിൽ കുട്ടിയുടെ തലയ്ക്കും മുഖത്തും തോളിനും പരുക്കേറ്റിട്ടുണ്ട്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർ അറിയിച്ചു.
കേസിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ ഇടപെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.