കണ്ണൂർ: ഇരിട്ടി നഗരസഭാ പരിധിയിലെ അഞ്ചോളം ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. ഹെൽത്ത് ഇൻസ്പെക്ടർ കെ. കെ. കുഞ്ഞിരാമന്‍റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധനയിലാണ് ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്.
ഇരിട്ടി താലൂക്ക് ആശുപത്രി ക്യാന്റീനിൽ നിന്നും പഴകിയ മീൻകറിയും ഇരിട്ടി തവക്കൽ കോംപ്ലക്സിലെ തവ റെസ്സ്റ്റോറന്‍റിൽ നിന്നും പഴയ നെയ്‌ച്ചോർ, ഫ്രൈഡ് റൈസ്, ബീഫ് ചില്ലി, പൊറോട്ട, കുബൂസ്, മീൻ ഫ്രൈ , മസാലക്കറി, ഷവർമ എന്നിവയും പിടികൂടി നശിപ്പിച്ചു.
പത്തൊമ്പതാം മൈൽ എയർ ഡെൻസ് ഹോട്ടൽ, ചാവശ്ശേരി കെ എം റെസ്റ്റോറന്‍റ്, നുന്നൂസ് കൺഫെക്ഷനറി ആൻഡ് ബേക്സ് എന്നിവയിൽ നിന്നും കടലക്കറി, പൊറോട്ട , ഗ്രിൽഡ് ചിക്കൻ, മീൻ കറി, ഫ്രൈ ചെയ്ത ചിക്കൻ തുടങ്ങിയവ പിടിച്ചെടുത്തെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ശീതളപാനീയ വില്പന കേന്ദ്രത്തിൽ നിന്നും ഉപയോഗശൂന്യമായ കവർപാലും പിടിച്ചെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി പി അജയകുമാർ, എം ജെ അനിത, പി വി അനിൽകുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.