കണ്ണൂര്‍: കോർപറേഷന്‍റെ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ വ്യാപക പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കോട്ടയം സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. 58 ഹോട്ടലുകളിൽ നിന്നായാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ചിക്കൻ വിഭവങ്ങളായ അൽഫാം, തന്തൂരി എന്നിവയാണ് കൂടുതലായി പിടിച്ചെടുത്തത്. പുഴുവരിക്കുന്ന രീതിയിലായിരുന്നു പല ഭക്ഷണങ്ങളും. ആറ് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.
എംആർഎ ബേക്കറി, എംവികെ റസ്‌റ്റോറന്‍റ്, സെവൻത് ലോഞ്ച്, പ്രേമ കഫേ, സീതാപാനി ഹോട്ടൽ, ബർക്ക ഹോട്ടൽ, ഡി ഫിൻലാന്‍ഡ് ഹോട്ടൽ, ഹംസ ടീ ഷോപ്പ്, ഗ്രീഷ്‌മ ഹോട്ടൽ, മറാബി റസ്റ്റോറന്‍റ്, കൽപക ഹോട്ടൽ എന്നിങ്ങനെ 58 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഭക്ഷണം ഹോട്ടലിന്‍റെ പേര് അടക്കം രേഖപ്പെടുത്തി ഉദ്യോഗസ്ഥര്‍ കോര്‍പറേഷനു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു.
58 ഹോട്ടലുകൾക്കും നിലവിൽ നോട്ടിസ് നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വിഭാഗം സൂപ്പർവൈസർ പി പി ഷൈജു പറഞ്ഞു. നോട്ടിസിൻമേലുള്ള ഹോട്ടലുകളുടെ പ്രവർത്തനം നോക്കിയാണ് തുടർ നടപടികൾ ആരോഗ്യ വിഭാഗം തീരുമാനിക്കുക. വരും ദിവസങ്ങളിലും റെയ്‌ഡ് തുടരാൻ തന്നെ ആണ് ആരോഗ്യ വിഭാഗത്തിന്‍റെ തീരുമാനം.