കണ്ണൂർ : മുഖം മിനുങ്ങി പരിയാരം മെഡിക്കൽ കോളജ്. അതിഥി തൊഴിലാളികൾക്ക് മികച്ച ചികിത്സ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ മെഡിക്കൽ കോളജിൽ ഒരുക്കിയ പ്രത്യേക കൊവിഡ് ഐസിയു വാർഡും പുതുതായി നിർമിച്ച ഓക്‌സിജൻ പ്ലാന്‍റും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.
അതിഥി ദേവോ ഭവ എന്ന പദ്ധതിയുടെ ഭാഗമായാണ് അതിഥി തൊഴിലാളികൾക്കായി കേരളത്തിൽ ആദ്യമായി വാർഡ് സജ്ജമാക്കിയത്.
5 വെന്‍റിലേറ്ററുകൾ, 7 ഐസിയു കിടക്കകൾ, 10 ഓക്സിജൻ കിടക്കകൾ തുടങ്ങിയവയാണ് അതിഥി തൊഴിലാളികൾക്കുള്ള പ്രത്യേക വാർഡിൽ ഒരുക്കിയിട്ടുള്ളത്.
പുതിയ ബ്ലോക്കിന്‍റെ ഭാഗമായി മാത്രം അതിഥി തൊഴിലാളികളെ ചികിത്സിക്കുന്ന രീതി അല്ല സ്വീകരിക്കുക. നേരത്തേയുള്ള ചികിത്സ മെച്ചപ്പെടുത്തി പദ്ധതിയുടെ ഭാഗമായി നിര്‍വഹിക്കുകയാണ് ചെയ്യുന്നത്.
കണ്ണൂർ ജില്ലയിലെ രണ്ട് ആശുപത്രികളിലാണ് പദ്ധതി സാക്ഷാത്കരിച്ചിരിക്കുന്നത്. പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിര്‍മിക്കുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള വാര്‍ഡിന്‍റെ പ്രവൃത്തി ഉദ്ഘാടനവും നടന്നു.
പരിയാരം മെഡിക്കൽ കോളജിൽ 75 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ 75 ലക്ഷം രൂപയ്ക്ക് 2400 സ്‌ക്വയർ ഫീറ്റിൽ 17 ഐസിയു കിടക്കകളും ഓക്സിജൻ വാർഡുമാണ് നിർമിക്കുക. 20 ലക്ഷം രൂപയുടെ ഉപകരണങ്ങളും ഇതിന്റെ ഭാഗമായി സജ്ജമാക്കും.
അന്തരീക്ഷ വായുവിനെ മെഡിക്കൽ ഓക്‌സിജൻ ആക്കാൻ പുതിയ ഓക്സിജൻ പ്ലാന്‍റ്
ഔറംഗബാദ് ആസ്ഥാനമായ 'എയർ സെപ്പ്' കമ്പനിയാണ് മെഡിക്കൽ കോളജിലെ ഓക്സിജൻ പ്ലാന്‍റിന്‍റെ നിർമാണം പൂർത്തിയാക്കിയത്. പുതിയ ഓക്സിജൻ പ്ലാന്‍റ് സജ്ജമായതോടെ മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും.
അന്തരീക്ഷ വായുവിൽ നിന്ന് നേരിട്ട് ഓക്സിജൻ സംസ്കരിച്ച് ആധുനിക സംവിധാനങ്ങളോടെ പൈപ്പ് വഴി ഓപ്പറേഷൻ തിയേറ്ററുകളിലും, ഐസിയുകളിലും, വാർഡുകളിലും എത്തിക്കുന്ന സംവിധാനമാണ് ആരംഭിച്ചത്.
കുപ്പം ഖലാസികളുടെ സഹായത്തോടെയാണ് ടാങ്കുകളും, ഉപകരണങ്ങളും സ്ഥാപിച്ചത്. ഇതിനായി മെഡിക്കൽ കോളജിൽ പൊതുമേഖലാ സ്ഥാപനമായ നിർമിതികേന്ദ്രം പ്രത്യേകം കെട്ടിട സൗകര്യങ്ങളും ഒരുക്കിയിരുന്നു.
മൂന്നാം തരംഗം നേരിടാൻ കേരളം സജ്ജം
ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ സാധിച്ചതിനാൽ ഇതിന്‍റെ ദൗര്‍ലഭ്യം മൂലം ആരും മരണപ്പെടുന്ന സാഹചര്യം കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഓക്സിജൻ പ്ലാന്‍റുകൾ നിർമിക്കാൻ ഓരോ ആശുപത്രിയും സൗകര്യം വർധിപ്പിച്ചു. മൂന്നാം തരംഗം വന്നേക്കാമെന്ന ആശങ്കയിലാണ് രാജ്യം. ഏത് ഘട്ടം വന്നാലും നേരിടാനുള്ള ആരോഗ്യ സംവിധാനം കേരളത്തിൽ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.