കണ്ണൂര്‍: ഓരോ വേനലവധിക്കാലവും വിദ്യാർഥികൾക്ക് ഓരോ ഓർമ പുസ്‌തകങ്ങളാണ്. കളിച്ചും ചിരിച്ചും പഠിച്ചും ആർത്തുല്ലസിച്ചും അവർ അടുത്ത അധ്യയന വർഷത്തിലേക്ക് കാലെടുത്ത് വയ്ക്കും. അങ്ങനെ അവധിക്കാലം ആഘോഷിക്കുന്നവർക്കിടയില്‍ ഒരല്‍പം വ്യത്യസ്‌തരാണ് ഈ കുട്ടികൾ.
ഒപ്പം പഠിക്കുന്നവർക്കായി ആഘോഷങ്ങൾ മാറ്റി വച്ചുള്ള അധ്വാനം. പുതിയ അധ്യയന വര്‍ഷത്തിൽ പുത്തൻ ബാഗും പുസ്‌തകങ്ങളും പുത്തൻ സൈക്കിളുമായെല്ലാം സഹപാഠികളെല്ലാം സ്‌കൂളിലേക്ക് എത്തുമ്പോൾ പുതുതായി ഒന്നും വാങ്ങാൻ ഇല്ലെന്ന വേദന ഉള്ളിൽ ഒതുക്കി നിറ പുഞ്ചിരിയുമായി എത്തുന്ന ചിലരെങ്കിലും ഉണ്ടായേക്കാം. അവരുടെ ആ പുഞ്ചിരി മായാതെ കാക്കാനാണ് ഈ കുട്ടികളുടെ നെട്ടോട്ടം.
പുതിയ അധ്യയന വർഷത്തില്‍ സൈക്കിളില്ലാതെ സ്‌കൂളിലെത്തുന്ന സഹപാഠികൾക്കായി പഴയ സൈക്കിള്‍ റീ സൈക്കിള്‍ ചെയ്യുകയാണ് പയ്യന്നൂരിനടുത്ത് കണ്ടങ്കാളി ഷേണായി സ്‌മാരക ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റുകള്‍. കണ്ണൂർ, കാസർകോട് ജില്ലകളിലെല്ലാം സഞ്ചരിച്ച് 100ഓളം പഴയ സൈക്കിളുകളാണ് കുട്ടി സംഘം ശേഖരിച്ചത്. എന്നാല്‍ ഇവരുടെ അധ്വാനം അവിടം കൊണ്ട് തീര്‍ന്നില്ല.
ശേഖരിച്ച മുഴുവന്‍ സൈക്കിളുകളും പെയിന്‍റ് അടിച്ചും അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്യുകയാണിവര്‍. പഴയ സൈക്കിളുകളെല്ലാം പുത്തന്‍ സൈക്കിളുകളാക്കി മാറ്റുന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് ഇവര്‍. സ്റ്റുഡന്‍സ് പൊലീസ് കേഡറ്റിന്‍റെ സമ്മർ ക്യാമ്പിൽ വച്ചാണ് ഈ മനോഹരമായ ആശയം ഉയര്‍ന്ന് വന്നത്.
പഴയ സൈക്കിളുകള്‍ ആയതുകൊണ്ട് തന്നെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ നിരവധി മാറ്റേണ്ടതായി വന്നു. അതിനായി ഭീമമായ തുകയും ആവശ്യമായി. സ്‌പെയർ പാർട്‌സ് അടക്കമുള്ള കാര്യങ്ങൾക്ക് നാട്ടുകാരും അധ്യാപകരും സഹായം നല്‍കി.
വെല്ലുവിളിയായത് റിപ്പയറിങ് ജോലികള്‍: സൈക്കിൾ റിപ്പയറിങ് ലേശം ബുദ്ധിമുട്ടുള്ള ജോലിയാണ്. അവധിക്കാലത്തെ മറ്റുള്ള ആഘോഷങ്ങളെല്ലാം മാറ്റി വച്ച് മുഴുവന്‍ ജോലികളും ചെയ്യാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാണ്. എന്നാല്‍ അവര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കാന്‍ സൈക്കിള്‍ റിപ്പയറിങ് ജോലികള്‍ അറിയുന്ന ഒരാളില്ലെന്നത് ഏറെ വെല്ലുവിളി സൃഷ്‌ടിച്ചിരുന്നു.
കാരുണ്യ പ്രവർത്തനമായതിനാൽ തങ്ങൾക്ക് കൂലി കിട്ടിയില്ലെങ്കിലോ എന്നായിരുന്നു പലരുടെയും സംശയം. മാത്രമല്ല ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും സൈക്കിളുകള്‍ റിപ്പയര്‍ ചെയ്യുകയെന്നത് ഭാരിച്ച പ്രവര്‍ത്തി തന്നെയാണ്. അതിനിടെയാണ് കാസര്‍കോട് സ്വദേശിയായ പ്രേമരാജന്‍ റിപ്പയര്‍ ചെയ്യാന്‍ തയ്യാറായെത്തിയത്.
ഇത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ സഹായകമായി. സൈക്കിള്‍ റിപ്പയറിങ് ചുമതല വിദ്യാര്‍ഥികളും പ്രേമരാജനും ഏറ്റെടുത്തതോടെ തകൃതിയായാണ് ജോലികള്‍ നടക്കുന്നത്. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വേഗത്തിലാണ് ജോലികള്‍ പൂര്‍ത്തിയാക്കുന്നത്. ഇല്ലായ്‌മകളെ പുഞ്ചിരി കൊണ്ട് മറയ്‌ക്കുന്ന സഹപാഠികള്‍ക്ക് മാത്രമല്ല ഈ സമൂഹത്തിനാകെ മാതൃകയാണ് ഈ വിദ്യാര്‍ഥി കൂട്ടം.