കണ്ണൂർ: ആന്തൂരിലെ എൽഡിഎഫ് വനിത സ്ഥാനാർഥിക്കെതിരെ സോഷ്യൽ മീഡിയ വഴി അപവാദ പ്രചരണം നടത്തിയതായി പരാതി. മഹിള അസോസിയേഷൻ നേതാവും ആന്തൂർ നഗരസഭ കുറ്റിപ്രം വാർഡ് സ്ഥാനാർഥിയുമായ ഓമന മുരളീധരനെതിരെ ബിജെപി അപവാദ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് തളിപ്പറമ്പ് ഡിവൈഎസ്‌പിക്ക് മഹിള അസോസിയേഷൻ പരാതി നൽകിയത്. മഹിള അസോസിയേഷൻ നേതാക്കളായ കെ ശ്യാമള, പി.ഓമന മുരളീധരൻ, ടി.ലത എന്നിവർ ചേർന്നാണ് തളിപ്പറമ്പ് ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്.
ഓമന മുരളീധരന്‍റെ ചിത്രസഹിതം വോട്ടർമാരോടുള്ള അഭ്യർഥന എന്ന പേരിൽ വാട്‌സ് ആപ്പ് വഴി വളരെ മോശമായ രീതിയിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആന്തൂരില്‍ ആറ് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതോടെയാണ് സ്ഥാനാർഥികൾക്കെതിരെ അപവാദപ്രചരണവുമായി ബിജെപി രംഗത്ത് വന്നിരിക്കുന്നതെന്ന് മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി പി. കെ ശ്യാമള ആരോപിക്കുന്നു. കടമ്പേരിയിൽ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച് സിപിഎമ്മിനെ പ്രകോപിതരാക്കാനും ഇവർ ശ്രമിക്കുന്നുണ്ടെന്നും ഈ സംഭവങ്ങൾക്കെതിരെ ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകുമെന്ന് പി. കെ ശ്യാമള പറഞ്ഞു.