കണ്ണൂർ : സിപിഎം 23-ാം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനത്തെ ചൊല്ലി വിവാദം. പ്രസ്‌തുത വാഹനം നിരവധി കേസുകളില്‍ പ്രതിയായ എസ്‌ഡിപിഐക്കാരന്‍റേതാണെന്നായിരുന്നു ബിജെപി ജില്ല പ്രസിഡൻ്റ് എൻ. ഹരിദാസന്‍റെ ആരോപണം. എന്നാല്‍ ഇത് തള്ളി സിപിഎം ജില്ല സെക്രട്ടറി എംവി ജയരാജന്‍ രംഗത്തെത്തി.
പാർട്ടി കോൺഗ്രസിന് യെച്ചൂരി യാത്ര ചെയ്‌ത കെഎല്‍ 18 എ ബി-5000 ഫോര്‍ച്യൂണര്‍ വണ്ടി ഇരിങ്ങണ്ണൂര്‍ കുഞ്ഞിപ്പുര മുക്കില്‍ മൊടവന്തേരിയിലെ ചുണ്ടയില്‍ സിദ്ധിഖിന്‍റേതാണെന്നാണ് ബിജെപി നേതാവ് ഹരിദാസൻ ആരോപിച്ചത്. ഇയാൾക്ക് എസ്‌ഡിപിഐയുമായി ബന്ധമുണ്ട് എന്നും ഹരിദാസൻ പറഞ്ഞു.
എന്നാൽ വിമാനത്താവളത്തിൽ ട്രാവൽ എജൻസി നടത്തുന്ന കാലിക്കറ്റ് ടൂർസ് ആന്‍റ് ട്രാവൽസിൽ നിന്നുമാണ് വാഹനം ഏർപ്പാട് ചെയ്‌തതെന്ന് എംവി ജയരാജൻ മറുപടി നല്‍കി. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് അകമ്പടി വാഹനമായും യെച്ചൂരിക്ക് വേണ്ടിയെടുത്ത വാഹനം ഉപയോഗിച്ചിട്ടുണ്ട്. നിരവധി തവണ ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉപയോഗിച്ചിട്ടുണ്ടെന്ന് വിവാദം ഉയർന്ന സാഹചര്യത്തിൽ ഉടമ പറഞ്ഞെന്ന് ജയരാജൻ വ്യക്തമാക്കി.
വാഹനത്തിൻ്റെ ഉടമയായ സിദ്ദിഖ് എന്നയാളെ അറിയില്ല. പന്തലും, സൗണ്ട് സിസ്റ്റവും, വാഹനങ്ങളും വാടകയ്ക്ക് എടുക്കുമ്പോൾ രാഷ്ട്രീയം നോക്കാറില്ല. വാഹനം റെന്‍റ് എ കാർ വ്യവസ്ഥയിലാവാം ട്രാവൽ ഏജൻസിക്കാര്‍ക്ക് ലഭിച്ചത്. സിപിഎമ്മിന് എസ്‌ഡിപിഐയുമായി രഹസ്യ ധാരണയില്ല. പാർട്ടി കോൺഗ്രസ് വൻ വിജയമായതുകൊണ്ട് ബിജെപി അപവാദ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.