കണ്ണൂർ: കേരളത്തില്‍ കെ റെയിൽ പോലുള്ള പദ്ധതികള്‍ ആവശ്യമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന പദ്ധതിയാണ് സില്‍വര്‍ ലൈനെന്നും അദ്ദേഹം പറഞ്ഞു. 23-ാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ വിശദീകരിച്ച് കണ്ണൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
ബുള്ളറ്റ് ട്രെയിനിന്‍റെയും കെറെയിലിന്‍റെയും സാഹചര്യങ്ങള്‍ വ്യത്യസ്‌തമാണ്. മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിനിനെതിരെ ഇടത് പക്ഷം സമരം നടത്തുന്നത് വ്യത്യസ്‌ത സാഹചര്യത്തിലാണ്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിലും നഷ്‌ടപരിഹാരം നല്‍കുന്ന സമീപനത്തിലും പ്രശ്‌നങ്ങളുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
ജാതി അടിസ്ഥാനത്തില്‍ സെന്‍സസ്: രാജ്യത്ത് ജാതി സെന്‍സസ് എടുക്കുന്നതില്‍ സിപിഎം യോജിക്കുന്നു. നയ രൂപീകരണത്തിന് ജാതി സെൻസസ് സുപ്രധാനമാണ്. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പക്കൽ പിന്നാക്ക വിഭാഗത്തെ സംബന്ധിക്കുന്ന കണക്കുകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാരിന്‍റെ പക്കല്‍ ഒരു കാര്യത്തെ പറ്റിയും വിവരങ്ങളില്ല. ഡേറ്റാഫ്രീ ഗവണ്‍മെന്‍റാണ് ഇന്ത്യ ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹിജാബും തൊഴിലില്ലായ്‌മയും: ഹിജാബും മാംസം കഴിക്കുന്നതുമൊക്കെയാണ് ബിജെപിക്ക് പ്രശ്‌നം എന്നാല്‍ തൊഴിലില്ലായ്‌മ, ദാരിദ്യം എന്നിവ അവര്‍ക്ക് പ്രശ്‌നമല്ല. ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരെ ഇടത് ജനാധിപത്യ ബദല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല മതേതര സമൂഹം കൂടി ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയായതും.
Read More: ബിജെപി വെല്ലുവിളി നേരിടാൻ സിപിഎം തയ്യാര്‍, മതേതര ശക്തികള്‍ ഒന്നിക്കണം : സീതാറാം യെച്ചൂരി
സിപിഎം പൊളിറ്റ്ബ്യൂറോയില്‍ ദലിത് പ്രാതിനിധ്യമില്ലെന്ന ആരോപനത്തിനും ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ പരിഹാരമായി. താഴെ തട്ടിൽ നിന്നെത്തിയ ദളിത് പ്രതിതിധി പൊളിറ്റ് ബ്യൂറോയിലെത്തി.
പ്രാദേശിക പ്രശ്‌നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ പാർട്ടി ശ്രമിക്കുമെന്നും യെച്ചൂരി പറഞ്ഞു.