കണ്ണൂര്‍: ദേശീയ സിദ്ധ ദിനം ഡിസംബര്‍ 30ന് ആചരിക്കപ്പെടുകയാണ്. സിദ്ധവൈദ്യത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന അഗസ്ത്യമുനിയുടെ ജന്മനക്ഷത്ര ദിനമായ ധനുമാസത്തിലെ ആയില്യം നാളിലാണ് ദേശീയ സിദ്ധ ദിനമായി ആചരിക്കുന്നത്. ഏറ്റവും പ്രാചീനമായ ചികിത്സ സമ്പ്രദായമാണ് സിദ്ധവൈദ്യം.
ആലപ്പുഴയിലെ സിദ്ധ മെഡിക്കല്‍ ക്യാമ്പോടെയാണ് ഈ വര്‍ഷത്തെ സിദ്ധ ദിനാചരണത്തിന് തുടക്കമിട്ടത്. ക്രിസ്‌തുവിന് മുമ്പ് 4000നും 10000നും ഇടയില്‍ കാലപഴക്കമുളള വൈദ്യ ശാസ്ത്രമാണ് സിദ്ധ എന്ന് ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ദക്ഷിണ ഭാരതത്തിലെ കുമരിഖണ്ഡം എന്നറിയപ്പെടുന്ന കന്യാകുമാരിക്ക് സമീപത്തെ ഭൂവിഭാഗത്തിലാണ് ഈ വൈദ്യ ശാഖ ഉടലെടുത്തത് എന്നാണ് വിശ്വാസം.
സംഘകാല തമിഴ് കൃതികളായ തൊല്‍ക്കാപ്പില, തിരുമന്ദിരം, അഗത്തിയ, ചിലപ്പതികാരം തുടങ്ങിയ കൃതികളില്‍ സിദ്ധവൈദ്യത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. വേദ കാലഘട്ടത്തിന് മുമ്പ് തന്നെ വായ്‌മൊഴിയായും ഗുരു-ശിഷ്യ പരമ്പരകളിലൂടെയും ദക്ഷിണ ഭാരതത്തില്‍ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് സിദ്ധ വൈദ്യമായിരുന്നു ഏക ആശ്രയം.
പാശ്ചാത്യ ശക്തികളുടെ കടന്നാക്രമണത്തിലൂടെ നമ്മുടെ പരമ്പരാഗത ചികിത്സ രീതികള്‍ക്ക് മങ്ങലേറ്റ പോലെ സിദ്ധ ചികിത്സ സമ്പ്രദായത്തിനും താത്കാലികമായി ക്ഷതമുണ്ടായി. നാല് അടിസ്ഥാന തത്വങ്ങളെ ആധാരമാക്കിയാണ് സിദ്ധ വൈദ്യം നിലകൊള്ളുന്നത്. വാതം, വൈദ്യം, യോഗം, ജ്ഞാനം എന്നിവയാണത്.
വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളാണ് മനുഷ്യന്‍റെ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ആദാരം. ഇവയുടെ സന്തുലനാവസ്ഥയിലുള്ള മാറ്റങ്ങളാണ് രോഗങ്ങളായി ശരീരത്തില്‍ പ്രതിഫലിക്കുന്നതെന്ന് സിദ്ധ വൈദ്യം പറയുന്നു. രോഗ നിര്‍ണയത്തിലും സിദ്ധ രീതിക്ക് പ്രത്യേകതയുണ്ട്. നാഡി, സ്‌പര്‍ശം, നാവ്, നിറം, മൊഴി, മിഴി, വിസര്‍ജ്യ പരിശോധന എന്നിവയിലൂടെയാണ് രോഗ നിര്‍ണയം നടത്തുന്നത്. ഇത്തരം സവിശേഷതകള്‍ ഉള്ള ഈ ചികിത്സ രീതിക്ക് ആധുനിക കാലത്ത് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നതാണ് വാസ്‌തവം.
കേരളത്തില്‍ തിരുവനന്തപുരത്ത് മാത്രമാണ് സര്‍ക്കാര്‍ ആശുപത്രി ഉള്ളത്. കാസര്‍കോട് മുതല്‍ കൊല്ലം വരെയുളള ജില്ലകളില്‍ 29 സിദ്ധ ഡിസ്‌പെന്‍സറികള്‍ സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇന്നും തുടങ്ങിയ ഇടത്ത് തന്നെ നില്‍ക്കുകയാണ് സിദ്ധ സംവിധാനത്തിനോടുള്ള സര്‍ക്കാരിന്‍റെ പരിഗണന.
ചികിത്സ തേടിയെത്തുന്നവര്‍ നിരവധിയാണെങ്കിലും മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പാര്‍ശ്വ ഫലങ്ങളില്ലാത്തതും ഫലപ്രദവുമായ മരുന്നുകളുമാണ് സിദ്ധവൈദ്യത്തെ ആശ്രയിക്കുന്നവരെ ഏറെ ആകര്‍ഷിക്കുന്നു. എന്നാല്‍ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മലബാര്‍ പ്രദേശത്ത് ഡോക്‌ടര്‍മാരെ നിയമിക്കുന്നതില്‍ സര്‍ക്കാര്‍ അവംഭാവം തുടരുകയാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് സിദ്ധയുടെ പ്രാധാന്യം തിരിച്ചറിഞ്ഞതും സംസ്ഥാത്തുടനീളം ആയുര്‍വേദ ആശുപത്രികളോടൊപ്പം സിദ്ധ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതും. എന്നാല്‍ സര്‍ക്കാരിന്‍റെ രണ്ടാം ഘട്ടത്തില്‍ നിലവിലുള്ള ഡോക്‌ടര്‍മാരെ രണ്ടിടങ്ങളിലായി വിന്യസിച്ച് രോഗികളുടെ സൗകര്യം ഹനിക്കപ്പെട്ടു.
തലശ്ശേരിയിലും കണ്ണൂരിലുമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഡിസ്‌പെന്‍സറികളില്‍ ഒരു ഡോക്‌ടര്‍ മാത്രമാണുള്ളത്. അതിനാല്‍ ഒരു കേന്ദ്രത്തില്‍ ആഴ്‌ചയില്‍ മൂന്ന് ദിവസം മാത്രമെ സിദ്ധ ചികിത്സക്ക് സൗകര്യമുള്ളൂ. ഡോക്‌ടര്‍മാര്‍ക്കും രോഗികള്‍ക്കും ഒരു പോലെ വിഷമമുണ്ടാക്കുന്ന നിലപാട് മാറ്റി ഓരോ സിദ്ധ കേന്ദ്രത്തിലും മുഴുവന്‍ സമയം ഡോക്‌ടര്‍മാരെ നിയമിക്കണമെന്ന ആവശ്യമാണ് രോഗികള്‍ ഉന്നയിക്കുന്നത്.