കണ്ണൂർ: തളിപ്പറമ്പ നഗരസഭ പരിധിയിലെ ആരാധനാലയങ്ങൾ ജൂൺ 30 വരെ തുറക്കില്ല. നഗരസഭ വിളിച്ചുചേർത്ത ക്ഷേത്രം ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. നഗരസഭ പരിധിയിലെ മുസ്ലിം പള്ളികൾ ഈ മാസം അവസാനം വരെ തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത മഹല്ല് കമ്മിറ്റികളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. കൊവിഡ് 19 പിടിമുറുക്കുന്ന ഈ സാഹചര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാർ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് മുതൽ ക്ഷേത്രങ്ങൾ തുറക്കാൻ തീരുമാനമായതായിരുന്നു.
നഗരസഭ പരിധിയിലെ പ്രധാന ക്ഷേത്രങ്ങളായ രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ സംസ്ഥാനത്തിന് പുറത്തുനിന്നു വരെ ഭക്ത ജനങ്ങൾ എത്തുന്നവയാണ്. ക്ഷേത്രങ്ങൾ ഇന്ന് തുറക്കാൻ തീരുമാനിച്ചിരുന്നതോടെ ഭക്ത ജനങ്ങൾ എത്തുമെന്നതിനാൽ അണുനശീകരണം ഉൾപ്പടെ നടത്തിയിരുന്നു. തെർമൽ സ്കാനർ, മാസ്കുകൾ, സാനിറ്റിസർ തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളും ക്ഷേത്രങ്ങളിൽ പൂർത്തിയായിരുന്നു. എന്നാൽ വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ജൂൺ 30 വരെ ക്ഷേത്രങ്ങൾ തുറക്കുന്നില്ലെന്ന് ഇന്ന് നടന്ന യോഗത്തിൽ തീരുമാനമെടുത്തത്.
നഗരസഭാ പരിധിയിൽ ടി ടി കെ ദേവസ്വത്തിന് കീഴിലുള്ള 13 ക്ഷേത്രങ്ങളും മറ്റ് സ്വകാര്യ ക്ഷേത്രങ്ങളും ഉൾപ്പെടെ ഒരു ക്ഷേത്രവും ജൂൺ 30 വരെ തുറക്കില്ല. ഇവിടങ്ങളിൽ നിലവിലുള്ളത് പോലെ നിത്യപൂജകൾ മാത്രമേ നടക്കുകയുള്ളൂ. നഗരസഭാ പരിധിയിലെ മുസ്ലിം പള്ളികളും ഈ മാസം 30 വരെ തുറക്കില്ലെന്ന തീരുമാനത്തിലാണ്. 28 നു ചേരുന്ന യോഗത്തിന് ശേഷം സാഹചര്യത്തിനനുസരിച്ച് ജൂൺ 30 കഴിഞ്ഞ് ക്ഷേത്രങ്ങൾ തുറക്കുന്നത് തീരുമാനിക്കുമെന്നും ചെയർമാൻ അറിയിച്ചു.