കാസർകോട് : ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച 16 വയസുകാരി ദേവനന്ദയ്ക്ക് നാടിൻ്റെയും സഹപാഠികളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ദേവനന്ദ പഠിച്ച കരിവെള്ളൂർ എ.വി.എസ്.ജി.എച്ച്.എസിൽ പൊതുദർശനത്തിനുവച്ച ഭൗതികശരീരം അവസാനമായി കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. വികാര നിർഭരമായിരുന്നു പൊതുദർശനം.
എം.പി രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ ടി.ഐ മധുസൂദനൻ, എം.രാജഗോപാലൻ, കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.വി ലേജു, വൈസ് പ്രസിഡണ്ട് ടി.ഗോപാലൻ, കെ.നാരായണൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി വത്സല, വൈസ് പ്രസിഡന്‍റ് എം.വി അപ്പുക്കുട്ടൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാധവൻ മണിയറ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് പ്രമീള, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് വി.വി സജീവൻ തുടങ്ങി നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് ജന്മനാടായ പെരളം ഇ.എം.എസ് വായനശാലയിലും പൊതുദർശനത്തിനുവച്ച ശേഷം വെള്ളരൂരിൽ സംസ്‌കാരം നടത്തി.
Also Read: ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം; രണ്ട് ജീവനക്കാർ അറസ്‌റ്റിൽ
ഒരു കുട്ടിയുടെ ജീവൻ പൊലിഞ്ഞിട്ടല്ല നടപടിയെടുക്കേണ്ടത്. എന്നാൽ ഇത് അവസാനത്തേതാകണം. സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളിലും കർശന പരിശോധന നടത്തണം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.