കണ്ണൂർ: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.കെ. സുബൈറിനെതിരെ ഗുരുതര ആരോപണവുമായി തളിപ്പറമ്പ് മാർക്കറ്റിലെ മലിനജല ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് കേസിലെ പ്രതി രംഗത്ത്. സുബൈർ ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ പ്ലാന്‍റിന്‍റെ വാൾവ് തുറന്നു വിട്ടതെന്ന് സാജിദ് കായപ്പുരയിൽ ആരോപിച്ചു. ഇതിന്‍റെ ഡിജിറ്റൽ തെളിവുകൾ സഹിതം താൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റം തന്‍റെ തലയിൽ കെട്ടിവയ്‌ക്കാൻ ശ്രമം
തളിപ്പറമ്പ് മാർക്കറ്റിലെ മലിനജല ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന്‍റെ വാൾവ് തകർത്ത കേസിൽ ഞായറാഴ്‌ചയാണ് പൊലീസ് സാജിദിനെ അറസ്റ്റ് ചെയ്തത്. പി.കെ. സുബൈറിന്‍റെ അടുത്ത സുഹൃത്തായിരുന്നതിനാൽ പെരുന്നാളിന്‍റെ രണ്ട് ദിവസം മുമ്പ് മൊബൈൽ ഫോണിൽ വിളിച്ച് സയ്യിദ് നഗറിലേക്ക് വരാൻ പറയുകയും ചെയ്തു.
സീതി സാഹിബ് സ്‌കൂളിന്‍റെ മാനേജർ കൂടിയായ സുബൈർ കണക്കുമായി ബന്ധപ്പെട്ട ചർച്ചകൾ വഴി മാറ്റാൻ സഹായിക്കണമെന്നും വലിയ പ്രതിസന്ധിയിലാണെന്നും ആവശ്യപ്പെട്ടു. പകരം തന്‍റെ കട ബാധ്യതകൾ തീർത്ത് ജോലി തരപ്പെടുത്തി തരുമെന്നും പറഞ്ഞു. അതിന് ശേഷമാണ് കൃത്യം ചെയ്യാൻ ആവശ്യപ്പെട്ടതെന്നും സാജിദ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ കൃത്യം നടത്തിയ ശേഷം ഈ വിവരം പറയാൻ പലതവണ വിളിച്ചിട്ടും സുബൈർ ഫോണെടുത്തില്ല. ഈ കുറ്റം തന്‍റെ മാത്രം തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിച്ചത്. അത്തരമൊരു ഘട്ടത്തിലാണ് താൻ വാട്‌സ് ആപ്പിലൂടെ സത്യം തുറന്ന് പറഞ്ഞത്. ഈ വിഷയത്തിൽ താൻ കോടതിയെ സമീപിക്കുമെന്നും സുബൈറിനെതിരായ എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കുമെന്നും സാജിദ് പറഞ്ഞു.
വാർത്ത സമ്മേളനത്തിന് എത്തുന്നതിനിടെ സാജിദ് ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സുരക്ഷയിലാണ് സാജിദ് എത്തിയത്.
ALSO READ: കോട്ടയത്ത് പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭസ്ഥശിശു മരിച്ചു