ജോലിക്കാർ ഒരുപാട് ഉണ്ടായിട്ടും ഒരു കച്ചവട സ്ഥാപനം നടത്തികൊണ്ടുപോകാൻ പലരും കഷ്ടപ്പെടുമ്പോഴാണ് അഴീക്കോട് ഒരു ആളില്ല കച്ചവട സ്റ്റാൾ വിജയകരമായി പ്രവർത്തിച്ചു പോരുന്നത്. ഈ സ്റ്റാളിലേക്ക് ജനശ്രദ്ധ വരാനുള്ള കാരണം മറ്റൊന്നുമല്ല, അത് ഇവിടെ വിൽക്കാൻ വച്ചിരിക്കുന്ന സാധനങ്ങൾ നിർമ്മിച്ചവരെ ഓർത്താണ്. അഴീക്കോട് പഞ്ചായത്തിലെ അരക്ക് താഴെ തളർന്നവരും ഭിന്നശേഷിക്കാരും നിർമ്മിച്ച നിത്യോപയോഗ വസ്തുക്കളാണ് ഇവിടെയുള്ളത്. വാഷിംഗ് പൗഡർ, ഡിഷ് വാഷ്, ഫിനോയിൽ തുടങ്ങി പലതരം സോപ്പുകളും മെഴുകുതിരിയും ചിരട്ട തവി വരെ ഉണ്ട് ഈ സ്റ്റാളിൽ. ഇതിന്‍റെയെല്ലാം പാക്കറ്റിന് മുകളിൽ വില രേഖപ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാർക്ക് യഥേഷ്ടം സാധനങ്ങൾ തിരഞ്ഞെടുക്കാം. തുക കണക്കുകൂട്ടി ഇവിടെ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിച്ചാൽ മതി. ഈ വർഷം ജനുവരി ഒന്നിന് ആരംഭിച്ച സെൽഫ് സർവീസ് സ്റ്റാളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ജനശക്തി ചാരിറ്റബിൾ ട്രസ്റ്റ് അംഗം സുഗുണൻ പറഞ്ഞു.
അംഗപരിമിതർ നിർമ്മിക്കുന്ന സാധനങ്ങൾ ആദ്യം പണം കൊടുത്താണ് ട്രസ്റ്റ് വാങ്ങിക്കുന്നത്. ഇതുപോലെയുള്ള ഒരു സ്റ്റാൾ കണ്ണൂർ നഗരത്തിലും ആരംഭിക്കാൻ കോർപ്പറേഷന്‍റെ അനുമതി തേടുമെന്ന് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. കഴിഞ്ഞ നാല് വർഷമായി കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ ജനശക്തിയുടെ പുതിയ ആശയം അംഗപരിമിതർക്കും ഭിന്നശേഷിക്കാർക്കും വലിയ ആശ്വാസമായിരിക്കുകയാണ്.