കണ്ണൂർ : എൻഐഎ അറസ്‌റ്റ് ചെയ്‌ത കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദ് മട്ടന്നൂരിൽ ഒളിവിൽ കഴിഞ്ഞത് ഷാജഹാൻ എന്ന വ്യാജ പേരിൽ. മാസങ്ങളായി ഇവിടെ ആശാരിപ്പണി ചെയ്‌ത് ജീവിക്കുകയായിരുന്നു ഇയാൾ. ഒന്നര വർഷമായി മട്ടന്നൂർ ബേരത്തെ വാടക വീട്ടിൽ ഭാര്യക്കും രണ്ട് മക്കൾക്കും ഒപ്പമായിരുന്നു ഇയാളുടെ താമസം(Secret Life of Hand Chopping Case Accused).
എട്ടുമാസമായി കൂരിമുക്ക് എന്ന സ്ഥലത്താണ് സവാദ് മരപ്പണി ചെയ്‌തിരുന്നത്. സവാദ് മരപ്പണി പഠിച്ചത് മട്ടന്നൂരിൽ എത്തിയ ശേഷമാണെന്നാണ് വിവരം. സവാദിന് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. അയൽപക്കവുമായി സമ്പർക്കം പുലർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്ന ഇയാൾ ജോലിസ്ഥലത്തേക്ക് വരുന്നതും പോകുന്നതും ഓട്ടോറിക്ഷയിലായിരുന്നു.
കുടുംബസമേതം താമസിക്കുന്നതിനാൽ നാട്ടുകാർക്ക് മറ്റ് സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. ഇത്ര പ്രമാദമായ കേസിലെ പ്രതിയാണ് ഇയാളെന്ന് അറിഞ്ഞിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. ഇയാളുടെ ഭാര്യ കാസർകോട് സ്വദേശിനിയാണെന്നും അയൽവാസികൾ പറഞ്ഞു. ചെറിയ രണ്ട് കുഞ്ഞുങ്ങളുണ്ട്. ഇതിൽ ഒരു കുട്ടിക്ക് ഒരു വയസ്സിൽ താഴെ മാത്രമാണ് പ്രായമെന്നും അവർ പറഞ്ഞു.
കറുത്ത തുണിയിട്ട് അറസ്‌റ്റ് : 13 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന സവാദിനെ ഇന്ന് പുലർച്ചെ 3 മണിയോടെയാണ് മട്ടന്നൂരിലെ ബേരത്ത് നിന്ന് പൊലീസ് സംഘം അറസ്‌റ്റ് ചെയ്യുന്നത്. ഏഴ് വാഹനങ്ങളിലായാണ് പൊലീസ് സംഘം എത്തിയത്. ഇതിനുശേഷം മുഖത്ത് കറുത്ത തുണിയിട്ടാണ് 6 മണിയോടെ ഇയാളെ അറസ്‌റ്റ് ചെയ്‌ത് കൊണ്ടുപോയത്.
എൻഐഎയ്ക്ക് നേട്ടം : 2011 ലാണ് കൈവെട്ട് കേസ് എൻഐഎ ഏറ്റെടുത്തത്. എന്നാൽ ഒന്നാം പ്രതി സവാദിനെ കണ്ടെത്താൻ കഴിയാത്തത് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. വിവിധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള ഇനാം 10 ലക്ഷമാക്കി ഉയർത്തി തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
സഹായിച്ചതാര് : സവാദിനെ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എൻഐഎയുടെ തീരുമാനം എന്നാണ് വിവരം. 13 വർഷം ഒളിവിൽ കഴിയാൻ സഹായം ചെയ്‌തവർ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്.
കൈവെട്ട് കേസിൽ 31 പ്രതികളെ ഉൾപ്പെടുത്തി 2015ലാണ് എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ 18 പേരെ വെറുതെ വിടുകയും 13 പേരെ ശിക്ഷിക്കുകയും ചെയ്‌തു. കഴിഞ്ഞ ജൂലൈയിൽ രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കി 6 പേരെ ശിക്ഷിക്കുകയും 5 പേരെ വെറുതെ വിടുകയും ചെയ്‌തിരുന്നു.