കണ്ണൂർ: കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചതില്‍ ഏറ്റവും സന്തോഷിക്കുന്നത്, തളിപ്പറമ്പ് അമ്മാനപ്പാറയിലെ തുണി സഞ്ചി നിർമാണ യൂണിറ്റിലെ ഏഴ് സ്ത്രീകളാണ്. രണ്ട് വർഷത്തോളമായി ' സമൃദ്ധി ' പദ്ധതി പ്രകാരം തുണി സഞ്ചി നിർമാണ യൂണിറ്റ് ആരംഭിച്ചിട്ട്. പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചതോടെ പ്രമുഖ കമ്പനികളുടെ അടക്കം ഓർഡറുകൾ ഇവർക്ക് ലഭിച്ചു തുടങ്ങി.
കുടുംബശ്രീയുടെ ഭാഗമായി ഏഴ് സ്‌ത്രീകളുടെ കൂട്ടായ്‌മയിലാണ് തുണി സഞ്ചി നിർമാണ യൂണിറ്റ് ആരംഭിച്ചത്. കോറ ഉപയോഗിച്ചാണ് കൂടുതൽ സഞ്ചികൾ ഇവർ നിർമിക്കുന്നത്. ഓർഡറുകൾ കൂടിയതിനാൽ തന്നെ കേരളത്തിന് പുറത്തുനിന്നാണ് കോറ സഞ്ചികൾ നിർമിക്കുന്നതിനുള്ള തുണികൾ എത്തിക്കുന്നത്. കൂടാതെ സാരികൾ ഉപയോഗിച്ചുള്ള സഞ്ചികൾക്കും ആവശ്യക്കാരേറെയാണ്. സാരി സഞ്ചി നിർമിക്കുന്നതിനുള്ള സാരികൾ പഞ്ചായത്തിലെ ഹരിതകർമ സേനകളും സിഡിഎസുകളിലെ അംഗങ്ങളുമാണ് എത്തിച്ചുനൽകുന്നത്. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ്, വാർഡ് അംഗം മനോഹരൻ എന്നിവരുടെ പിന്തുണയാണ് ഇവരുടെ കരുത്ത്.