കണ്ണൂർ: പട്ടുവത്ത് ഡിസിസി ജനറൽ സെക്രട്ടറിയുടെ വീട് ആക്രമിച്ച കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി സജീവ് മാറോളി. സംഭവത്തിൽ ശാസ്‌ത്രീയ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് നേതൃസംഘം രാജീവന്‍റെ പട്ടുവത്തെ വീട് സന്ദർശിച്ചു.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് രാജീവൻ. സിപിഎമ്മും മറ്റ് സംഘടനകളും രാജീവന്‍റെ പ്രവർത്തനങ്ങൾ അടിച്ചമർത്താൻ അദ്ദേഹത്തെ വേട്ടയാടുകയാണ്. അത്തരം ശ്രമങ്ങളെ അപലപിക്കുന്നു. ആക്രമണം ഫലപ്രദമായി പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും ഫോറൻസിക് പരിശോധന ഉണ്ടാവാത്തത് പ്രതിഷേധാർഹമാണെന്നും സജീവ് മാറോളി പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫ്, സുരേഷ് ബാബു എളയാവൂർ, കൊയ്യം ജനാർദ്ദനൻ എന്നിവരും കോൺഗ്രസ് നേതൃസംഘത്തിലുണ്ടായിരുന്നു.