കണ്ണൂര്‍: ഭക്ഷണം വിളമ്പുന്ന റോബോട്ടുകളുമായി കണ്ണൂര്‍ ബീ അറ്റ് കിവിസോ റസ്റ്റോറന്‍റ് ഉടമകള്‍. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. ഭക്ഷണം വിളമ്പാൻ ഹോട്ടലുടമകൾ ഇതര സംസ്ഥാന തൊഴിലാളികളെ തിരയുമ്പോൾ കിവിസോ ഉടമകൾ നേരെ പോയത് ചൈനയിലേക്കാണ്. യന്ത്ര കൈകളുള്ള അലീനയും ജയിനും ഹെലനും കണ്ണൂരിൽ എത്തിയത് അങ്ങനെയാണ്. ഓർഡർ നൽകുന്ന ടേബിൾ നമ്പറിലെ സെൻസർ സിഗ്നൽ അറിഞ്ഞാണ് ഇവർ നീങ്ങുക. വഴിയിൽ ആരെങ്കിലും തടസം നിന്നാൽ മാറിനിൽക്കാന്‍ പറയും. ഈ കൗതുക കാഴ്‌ച കാണാന്‍ നിരവധി പേരാണ് റസ്റ്റോറന്‍റില്‍ എത്തുന്നത്. ചലചിത്ര താരം മണിയന്‍ പിള്ള രാജുവാണ് റസ്റ്റോറന്‍റിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍.
വളപട്ടണം സ്വദേശിയും സിവിൽ എഞ്ചിനിയറുമായ സിവി നിസാമുദ്ദീൻ, ഭാര്യ സജ്മ, ഐ.ടി എഞ്ചിനിയറായ പള്ളിക്കുന്ന് സ്വദേശി എം.കെ വിനീത് എന്നിവരാണ് റസ്റ്റോറന്‍റ് ഉടമകള്‍. കണ്ണൂർ എസ്എൻ പാർക്കിന് സമീപം ഗോപാൽ സ്ട്രീറ്റിലാണ് ബീ അറ്റ് കിവിസോ പ്രവര്‍ത്തിക്കുന്നത്. കിവിസോ എന്ന ഫുഡ് ടെക്നോളജി ആപ്പിന്റെ അടുത്ത പടിയായാണ് ഇവർ റസ്റ്റോറന്‍റ് ആരംഭിച്ചത്.