കണ്ണൂർ കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി ഫാദര്‍ റോബിൻ വടക്കുംചേരി കുറ്റക്കാരൻ. ബാക്കിയുള്ള ആറ് പ്രതികളെ വെറുതെ വിട്ടു. തലശേരി പോക്സോ കോടതി ജഡ്ജി പി.എൻ വിനോദാണ് വിധി പ്രഖ്യാപിച്ചത്.
പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി എന്നാണ് കേസ്. വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നും കോടതിയിൽ പെണ്‍കുട്ടി പറഞ്ഞു. റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാട് എടുത്തിരുന്നു. കന്യാസ്ത്രീ അടക്കമുള്ളവരുടെ കുറ്റം തെളിയിക്കാനായില്ല. തുടക്കത്തിൽ 10 പ്രതികൾ ഉണ്ടായിരുന്ന കേസിൽ മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 7 പേരാണ് വിചാരണ നേരിട്ടത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിനാണ് വിചാരണ ആരംഭിച്ചത്. 38 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും 7 തൊണ്ടിമുതലുകളും പരിശോധിക്കുകയും ചെയ്തു. കേസിലെ ഡിഎൻഎ പരിശോധന ഫലത്തെ പ്രതിരോധിക്കാൻ രാജ്യത്തെ തന്നെ പ്രമുഖ ഡിഎൻഎ വിദഗ്ധനായ അഭിഭാഷകൻ ജി.വി റാവുവിനെയാണ് വൈദികൻ രംഗത്തിറക്കിയത്. എന്നാൽ, പൊലീസ് ഹാജരാക്കിയ ജനന രേഖകളും കുഞ്ഞിന്‍റെ പിതൃത്വം തെളിയിച്ച ഡിഎൻഎ ഫലവും പോക്സോ കേസിൽ നിർണായകമായി.
പെൺകുട്ടി പ്രസവിച്ചതോടെ 2017 ഫെബ്രുവരി 26നാണ് സംഭവം പുറംലോകം അറിഞ്ഞത്. കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച ഫാദർ റോബിനെ വിമാനത്താവളത്തിലേക്കുള്ള യാത്ര മധ്യേയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.