കണ്ണൂര്‍: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ മോഷണം. ജയില്‍ കോമ്പൗണ്ടിലെ ചപ്പാത്തി കൗണ്ടറിലാണ് മോഷണം നടന്നത്. 1,92,000 രൂപയോളമാണ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. മുന്‍ഭാഗത്ത് 24 മണിക്കൂറും കാവലുള്ളതിനാല്‍ പുറത്ത് നിന്നൊരാള്‍ക്ക് ഇവിടേക്ക് എളുപ്പത്തില്‍ കയറാനാവില്ല. ജയിലും പരിസരവും നന്നായി അറിയുന്നൊരാളാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസങ്ങളിൽ ഫുഡ്‌ഫാക്ടറിയിൽ ജോലി ചെയ്തവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൂട്ട് പൊളിച്ചാണ് ചപ്പാത്തി കൗണ്ടറിനകത്ത് മോഷ്ടാവ് കടന്നത്. പൂട്ടിലും പരിസരത്തും മണം പിടിച്ച പൊലീസ് നായ ജയിൽ പരിസരത്ത് കൂടി ദേശീയപാതയിലേക്കും തുടർന്ന് ജയിലിന് 500 മീറ്റർ മാറിയുള്ള ജയിൽ പൊലീസ് ട്രെയിനിങ് സെന്‍ററിനകത്തും മണം പിടിച്ചെത്തി. ഇതോടെ ജയിൽ വളപ്പിൽ നടന്ന മോഷണം ജയിൽ അധികൃതരെയും പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്.