കണ്ണൂര്‍ : പറഞ്ഞുപതിഞ്ഞ കാര്‍ഷിക സമൃദ്ധിയുടെ കാലം എന്നോ പോയ്‌മറഞ്ഞു. കൃഷിയെ ആശ്രയിക്കുന്നവന് വറുതിയാണ് ഇന്നത്തെ പ്രതിഫലം. കാർഷിക ഉത്‌പന്നങ്ങളുടെ വിലത്തകർച്ച, വളത്തിന്‍റെ വില വർധന, തൊഴിലാളികളുടെ വേതനം, തൊഴിലാളികളെ കിട്ടാത്ത അവസ്ഥ എന്നിവയെല്ലാം കൃഷിയില്‍ നിന്ന് പിൻമാറാൻ കർഷകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഇതൊന്നുമല്ലാത്ത ഒരു അവസ്ഥയാണ് കണ്ണൂരിലെ നെല്‍കർഷകർ ഇപ്പോൾ നേരിടുന്നത്.
മണ്ണിന്‍റെ അധികരിച്ച അമ്ലതയും ഇരുമ്പ്, അലൂമിനിയം എന്നിവ മൂലമുള്ള വിഷാംശവുമാണ് കണ്ണൂർ ജില്ലയിലെ നെല്‍കൃഷിയെ ദോഷകരമായി ബാധിക്കുന്നത് (rice farmers of Kannur in crisis due to Acidity of soil). കണ്ണൂർ മയ്യില്‍ നെല്ലിക്ക പാലത്തെ ചാല്‍വയല്‍ പാടശേഖരത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രശ്‌നം കണ്ടെത്തിയത്. വേരുകളുടെ വളര്‍ച്ച മുരടിക്കുന്നു, പിന്നാലെ കറുത്തനിറം ബാധിച്ച് ചീയുന്നു, വേരുകള്‍ മണ്ണടിയുന്നതോടെ ആവശ്യമായ മൂലകങ്ങളും മറ്റും ചെടികളില്‍ നിന്ന് തന്നെ ഉപയോഗിക്കേണ്ടി വരുന്നു.
ഇതോടെ ചെടികളുടെ പ്രതിരോധശേഷി കുറഞ്ഞ് കീടബാധ അധികരിക്കും. ഇങ്ങനെ നെല്‍ചെടികളുടെ ആയുസും കുറയുന്നു. തീപടര്‍ന്ന് കരിഞ്ഞ പോലെ നെല്‍ചെടികള്‍ മണ്ണടിയും. മുഞ്ഞ ബാധയെന്ന് കരുതി കര്‍ഷകര്‍ പ്രതിവിധികള്‍ ചെയ്‌തു (Kannur rice farming facing crisis). ഫലമുണ്ടായില്ല. ഒരു പ്രദേശത്ത് രോഗ ലക്ഷണം കണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗം വ്യാപിക്കുന്ന അവസ്ഥയാണ് നിലവില്‍. കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ സഹായത്തോടെ മയ്യില്‍ റൈസ് പ്രൊഡ്യൂസര്‍ കമ്പനിയാണ് പ്രശ്‌നം തിരിച്ചറിഞ്ഞത്. അതിനുള്ള പ്രതിവിധിയും കൃഷി വിജ്ഞാന കേന്ദ്രം തന്നെ നിര്‍ദേശിച്ചിട്ടുണ്ട്.
വയലിൽ നിന്നും വെള്ളം വാർത്ത് കളഞ്ഞ് ഒരു സെന്‍റിന് ഒരു കിലോ ഗ്രാം വീതം കുമ്മായം ഇടുക. 24 മണിക്കൂർ കഴിഞ്ഞ് വീണ്ടും വെള്ളം കയറ്റുകയും ബൂൺ ഹാർവെസ്റ്റ് (19:19:19) അഞ്ച് ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ ലയിപ്പിച്ച ലായനിയിൽ ഒരു മില്ലി ലിറ്റർ പശ ഒരു ലിറ്റർ ലായനിക്ക് എന്ന തോതിൽ ചേർത്ത് രാവിലെ തന്നെ ചെടികളിൽ തളിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഒരാഴ്‌ച കഴിഞ്ഞ് സാധാരണ പോലെ വളം ചെയ്‌തതിനു പുറമെ ഏക്കറിന് അഞ്ച് കിലോ ഗ്രാം പൊട്ടാഷ് മണ്ണിൽ ചേർക്കുകയും ചെയ്യണം. മയ്യിൽ നെല്ലിക്ക പാലത്തെ 21 ഏക്കറിലാണ് മണ്ണിന്‍റെ അസഡിക്ക് സ്വഭാവം കണ്ടെത്തിയത്.