കണ്ണൂർ: കണ്ണൂർ നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഭരണപക്ഷമായ യുഡിഎഫിലെ ലീഗ് കൗൺസിലർ കെ.പി.എ സലിം ഇടതുപക്ഷത്തിനൊപ്പം നിന്നതോടെയാണ് പ്രമേയം പാസായത്. ലീഗ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന സലീമിന്‍റെ പിന്തുണ ഉറപ്പായതോടെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
55 അംഗ കണ്ണൂർ നഗരസഭയിൽ യുഡിഎഫ് -28, എൽഡിഎഫ് -27 എന്നതായിരുന്നു കക്ഷിനില. ഇതിൽ നിന്നാണ് ലീഗ് കൗൺസിലർ മറുകണ്ടം ചാടിയത്. മേയറെ നോക്കുകുത്തിയാക്കി ഡെപ്യൂട്ടി മേയർ ഭരണം കയ്യാളുന്നു എന്നാരോപിച്ചാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ജില്ലാ കലക്‌ടറുടെ സാന്നിധ്യത്തിലാണ് പ്രമേയം വോട്ടിനിട്ടത്.
നാടകീയ രംഗങ്ങളാണ് രാവിലെ മുതൽ കൗൺസിൽ ഹാളിൽ കണ്ടത്. വൈകിയെത്തിയതിന്‍റെ പേരിൽ മേയർ അടക്കം നാല് ഭരണകക്ഷി അംഗങ്ങളെ കലക്‌ടർ വോട്ടെടുപ്പിൽ നിന്ന് വിലക്കി. പ്രതിപക്ഷ അംഗങ്ങൾ അവഹേളിച്ചെന്ന് ആരോപിച്ച് ഭരണപക്ഷത്തെ വനിത അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.