കണ്ണൂർ: പൗരത്വ നിയമ ഭേദഗതി രാജ്യത്ത് ആപത്കരമായ സാഹചര്യമുണ്ടാക്കിയിരിക്കുകയാണെന്ന് പിബി അംഗവും കിസാന്‍ സഭാ അഖിലേന്ത്യാ പ്രസിഡന്‍റുമായ എസ്. രാമചന്ദ്രന്‍ പിള്ള. ഇന്ത്യയിലേക്ക് വരുന്ന മുസ്ലിം അഭയാർഥികളെ താലിബാനികളായാണ് അമിത് ഷാ ചിത്രീകരിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണ് മോദിയുടെ നേതൃത്വം ചെയ്യുന്നത്. സ്വതന്ത്ര അന്വേഷണ ഏജൻസികളെയടക്കം ഉപയോഗപ്പെടുത്തിയാണ് കേന്ദ്രം പല നയങ്ങളും നടപ്പിലാക്കുന്നത്. പല സംസ്ഥാനങ്ങളിലേയും ഗവർണർമാർ കേന്ദ്രത്തിന്റെ ചട്ടുകങ്ങളായാണ് പ്രവർത്തിക്കുന്നത്. കേരള, മഹാരാഷ്ട്ര ഗവർണർമാർ സമീപകാലത്തെടുത്ത നിലപാടുകൾ ഇതിന് ഉദാഹരണമാണ്. ഇന്ത്യൻ ജനതയെ വിഭജിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വലിയ ആപത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും എസ്. രാമചന്ദ്രൻ പിള്ള കൂട്ടിച്ചേർത്തു.
കണ്ണൂരിൽ നായനാർ അക്കാദമിയിൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന കർഷക തൊഴിലാളി യൂണിയൻ ഒമ്പതാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് പി.കെ കുഞ്ഞച്ചൻ നഗറില്‍ കൊടി ഉയർന്നു. രാജ്യത്തെ കർഷകരെ നരേന്ദ്ര മോദി സർക്കാർ വഞ്ചിച്ചെന്ന് രാമചന്ദ്രൻ പിള്ള പറഞ്ഞു. കഴിഞ്ഞ തവണ അധികാരത്തിൽ വന്നപ്പോൾ നരേന്ദ്ര മോദി കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കിയില്ല എന്ന് മാത്രമല്ല, അവരെ ചതിക്കുകയാണ് ചെയ്തത്. ഗതികേടിലായ കർഷകർ മറ്റ് പല മേഖലകളിലും ജോലി തേടി അലയുകയാണ്. അതേസമയം, രാജ്യത്തെ സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞതോടെ എല്ലാ മേഖലകളും എക്കാലത്തെയും വലിയ പ്രതിസന്ധിയിലായെന്നും എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു.
പതിനെട്ട് സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തിലേറെ പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻമുള്ള, സുനിത് ചോപ്ര വിവിധ സംഘടനകളുടെ അഖിലേന്ത്യാ ഭാരവാഹികൾ എന്നിവരും സമ്മേളനത്തിനായി കണ്ണൂരിൽ എത്തി. സമാപന റാലിയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. മൂന്നാം തിയതി വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.