കണ്ണൂര്‍: കോതമംഗലത്ത് ഡെന്‍റല്‍ കോളജ് വിദ്യാഥിനിയെ വെടിവച്ച് കൊലപ്പെടുത്താന്‍ രാഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നാണെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇതോടെ, അന്വേഷണം കേരളത്തിന് പുറത്തേക്കും പൊലീസ് വ്യാപിപ്പിച്ചു.
ബിഹാറില്‍ തങ്ങിയത് എട്ട് ദിവസം
ജുലൈ 12ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രാഖിൽ പോയതിന്‍റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇന്റർനെറ്റില്‍ നിന്നാണ് തോക്ക് ബിഹാറിൽ നിന്നും കിട്ടുമെന്ന് രാഖിൽ മനസിലാക്കിയത്. ബിഹാറിലെത്തിയ യുവാവ് നാലിടങ്ങളിലായി എട്ടു ദിവസം തങ്ങി. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നായിരുന്നു നാട്ടിലറിയിച്ചത്.
മാനസയുടെ കുടുംബം നൽകിയ പരാതിയിൽ ജൂലൈ ഏഴിന് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഹാർ യാത്ര. രഖിലിന്‍റെ മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കും. കണ്ണൂരിലെത്തിയ അന്വേഷണസംഘം വീട്ടുക്കാരിൽ നിന്നും മൊഴിയെടുത്തു. കൊല നടത്താൻ രാഖിൽ ഉപയോഗിച്ചത് പഴയ തോക്കാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. 7.62 എം.എം പിസ്റ്റളിൽ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയും.
ഇരുവരുടെയും മൃതദേഹങ്ങൾ രാത്രി കണ്ണൂരിലെത്തിക്കും
മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖിൽ പിന്നാലെ വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ഇരുവരുടെയും മൃതദേഹങ്ങൾ രാത്രിയോടെ കണ്ണൂരിൽ എത്തിക്കും. രഖിലിന്‍റെ മൃതദേഹം നാളെ രാവിലെ പിണറായി പന്തക്കപ്പാറ ശ്മശാനത്തിലും മാനസയുടെ മൃതദേഹം പയ്യാമ്പലത്തും സംസ്കരിക്കും.
പൊലീസും ഫോറൻസിക് സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്‌റ്റ് മോർട്ടത്തിനായി കളമശേരി മെഡിക്കള്‍ കോളജിലേക്ക് മാറ്റി. പൊലീസ് സർജന്‍റെ നേതൃത്വത്തിലായിരിക്കും പോസ്‌റ്റ് മോർട്ടം. ഇന്ദിരാഗാന്ധി ഡെന്‍റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട മാനസ (24). ഇവർ കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനിയാണ്. കണ്ണൂർ സ്വദേശി രാഖിലാണ് മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ALSO READ: മാനസ വധം ; മൃതദേഹം കളമശേരിയിലെത്തിച്ച് പോസ്‌റ്റ് മോർട്ടം നടത്തും